മഴ

മഴത്തുള്ളികളോടായിരുന്നു
അവളുടെ പ്രണയം.
അതറിയാതെയാണ്
ഞാനെന്ന വേഴാമ്പല്‍
കൊക്കുപിളര്‍ത്തി
ചാറ്റലിനായി കാത്തിരുന്നത്.
ഒടുവില്‍
ദൂരെയെങ്ങോ അവള്‍ വിടപറഞ്ഞകന്ന്
എത്രയോ മഴക്കാലങ്ങള്‍ കടന്നുപോയിട്ടും
എന്റെ മനസ്സിലെ പേമാരിമാത്രം…..

Advertisements

അരങ്ങ്

ഇവിടെ സ്വര്‍ഗം
ദൈവവും ചെകുത്താനും
പങ്കുവച്ചിരിക്കുകയാണ്
നരകത്തില്‍ നിന്ന് വന്നതും
മടങ്ങുന്നതും
നീയും ഞാനും മാത്രം.
വിലക്കപ്പെട്ട കനിയും
തീറ്റിച്ചവനും
ആരാധിക്കപ്പെടുന്നു
രുചിച്ചവര്‍
ഒറ്റുകാര്‍,
എറിഞ്ഞുകൊല്ലപ്പെടേണ്ടവര്‍.
അരങ്ങില്‍
സുതാര്യമായ മുഖംമൂടിയണിഞ്ഞ്
നൃത്തം തുടരുക
രണ്ടാള്‍പൊക്കത്തില്‍ മുകപ്പില്‍
മൂന്നാമതൊരിരിപ്പിടത്തിന്
സ്ഥാനമില്ലാതെ
ആട്ടം തുടരുക.
രാവിരുളുമ്പോള്‍
നിന്റെ ദൃശ്യപരിധിക്കുമപ്പുറം
ദൈവവും ചെകുത്താനും
കിടപ്പറ പങ്കിടും
അപ്പോഴും
വാഗ്ദത്തം ചെയ്യപ്പെട്ട
വന്നെത്താത്ത പുലരിക്കായി
വിലക്കപ്പെട്ട കനിയുപേക്ഷിച്ച്
അല്ലെങ്കില്‍ കട്ടുതിന്ന്
തളരാതെ
പതറാതെ
ആടിക്കൊണ്ടിരിക്കുക.

അനന്തതക്കപ്പുറത്തെ ചില കാഴ്ചകള്‍

ഇരുട്ട്
നോവുന്ന വെളിച്ചം
നിരര്‍ത്ഥകതയില്‍ മുങ്ങുന്ന അട്ടഹാസം.
ചങ്ങലകള്‍
സ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെടുമ്പോഴും
ഉയരെയുയര്‍ന്നുപറക്കുന്ന
ചിറകറ്റ മനസ്സ്.
മുഴങ്ങിനില്‍ക്കുന്ന അപരിചിതത്വത്തില്‍
ഇതള്‍വിരിയുന്ന
ഹൃദയങ്ങള്‍ക്കപ്പുറത്തെ സ്നേഹം.

ഇവിടെ ഓര്‍മ്മകള്‍ക്ക്
പ്രവേശനമില്ല.
പറഞ്ഞ, പറയാന്‍ മറന്ന
വാക്കും നോക്കും
ഒറ്റയെന്ന മഹാസത്യത്തെ പുണര്‍ന്ന്
വര്‍ത്തമാനത്തിന്റെ അഗാധതയില്‍
അലിഞ്ഞുചേരുമ്പോള്‍
തെറ്റും ശരിയും
പരസ്പരപൂരകങ്ങളാകുമ്പോള്‍
നിങ്ങളുടെ വെളുത്ത മുഖംമൂടികള്‍
എപ്പോഴോ അഴിഞ്ഞുവീണിരിക്കും;
നിഷ്കളങ്കത
നിങ്ങളുടെ മൂല്യങ്ങളെ
ചവിട്ടിയരക്കും.
ശൂന്യതയുടെ മുഴക്കത്തിനുമുന്‍പില്‍
ശരീരം
മനസ്സിനുപിന്നില്‍ ഒളിച്ചുനില്‍ക്കുന്ന
ഒരു കീറത്തുണിയാകും.
ചുറ്റും നൃത്തമാടുന്ന നിറങ്ങള്‍
കണ്‍മുന്നിലെ വര്‍ണചിത്രങ്ങളിലെ
സഞ്ചരിക്കുന്ന ചുഴികള്‍
തോറ്റുമടങ്ങുന്നു,
ഭൗതികശാസ്ത്രം.

മരണം
പ്രണയം
തലോടല്‍
കണ്ണുനീര്‍
തൊട്ടുതീണ്ടരുത്
ഈ തീര്‍ത്ഥാടനകേന്ദ്രം.
ബോധത്തിന്റെ ചെരിപ്പഴിച്ചുവേണം
അകത്തുകയറാന്‍;
മനസ്സിന്റെ വാചാലതയെ
നിശ്ശബ്ദതകൊണ്ട് നേരിടണം.
നാഡിമിടിപ്പുനോക്കാം,
കണ്ണും വായും തുറന്നുനോക്കാം,
പക്ഷേ
നിങ്ങള്‍ പഠിച്ച വൈദ്യശാസ്ത്രത്തിന്
ഒരിക്കലും മനസ്സിലാകില്ല
കട്ടില്‍ക്കാലില്‍ ബന്ധിച്ച
ഈ ചങ്ങല
ചങ്ങലകള്‍ക്കൊണ്ടു നിര്‍മിച്ച പുറംലോകത്തെ
എങ്ങനെ ഒരു ഭ്രാന്താലയമാക്കുന്നെന്ന്.

കലണ്ടര്‍

കലണ്ടര്‍
ഓര്‍മകളിലേക്കുള്ള
പടിവാതിലാണ്
ഇന്നിന്റെ ജീവനാണ്
ശുഭപ്രതീക്ഷകളുടെ
തുടിക്കുന്ന ഹൃദയമാണ്

കലണ്ടര്‍
നഷ്ടപ്രണയങ്ങളുടെ
ഹൃദയം വിങ്ങും ഓര്‍മകളാണ്
ഓര്‍ക്കാപ്പുറത്ത് തനിച്ചാക്കിപ്പോയ
കൊച്ചുമകളുടെ
നനുത്ത പുഞ്ചിരിയാണ്

കലണ്ടര്‍
കണ്ണീരാണ്
അറിയാതെ ചലിച്ച കൈകളുടെ
ഒരായിരം കുമ്പസാരങ്ങളാണ്
ഇനിയും പെയ്തുതോരാത്ത
മഴയാണ്

കലണ്ടര്‍
യുദ്ധത്തില്‍
ആര്‍ക്കോ വേണ്ടി മരിച്ച ജീവനുകളുടെ
ശവപ്പറമ്പാണ്
എന്നോ മരവിച്ച മരത്തിന്റെ
ഇനിയും കൊഴിയാത്ത ഇലയാണ്

കലണ്ടര്‍
ചെകുത്താനാണ്
ചതിയുടെയും വഞ്ചനയുടെയും
കയ്ക്കുന്ന രുചിയാണ്
ഗോഡ്സേയുടേയും ബിന്‍ലാദന്റെയും
മുഖങ്ങളാണ്

കലണ്ടര്‍
പ്രളയങ്ങളാണ്
ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ
അടിയില്‍പെട്ട വാക്കുകളാണ്
ഭോപ്പാലില്‍ ഉള്ളെരിഞ്ഞുമരിച്ച കുഞ്ഞിന്റെ
ദീനരോദനമാണ്

കലണ്ടര്‍
ഒരു തെളിവാണ്
ഒന്നും അന്തിമമല്ലെന്നുള്ള
ഓര്‍മപ്പെടുത്തലാണ്
വര്‍ഷത്തിനും ഹേമന്തത്തിനും
ശിശിരത്തിനും ശേഷം
വസന്തം വരുമെന്നുള്ള
ഏറ്റവും മഹത്തായ
ബോധ്യപ്പെടുത്തലാണ്

 


2011 നവംബറില്‍ നടന്ന സബ് ജില്ലാതല കവിതാരചനാമത്സരത്തില്‍ എഴുതിയ കവിത. ഞാനെഴുതിയതില്‍വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിതകളിലൊന്ന്.

കാത്തിരിപ്പിനിടയിലെ ചില ചിന്താശകലങ്ങള്‍

അസ്തിത്വം
തുടക്കവും
ഒടുക്കവും
നിങ്ങളുടെ പൊള്ളവാഗ്ദാനങ്ങളിലെ
മോഹന മരീചികകള്‍ മാത്രം.
ഇവിടെ
ദിശയേതുമില്ലാത്ത
ചലിക്കാത്ത സമയസൂചിയില്‍
കച്ചിത്തുരുമ്പന്വേഷിക്കുന്നു,
പരാജിതന്‍.
ഞാന്‍.

തിരിച്ചറിവ്
ഇരുട്ട് ഘനീഭവിച്ച
ഈ ഗുഹക്കുള്ളില്‍
എങ്ങോ ഒരു പൊട്ട് പ്രകാശമുണ്ട്
പാറക്കഷണങ്ങള്‍ കടന്ന്
തപ്പിത്തടഞ്ഞ്
ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍
അത്
യാത്രയാരംഭിച്ചിടത്തിന്റെ
പ്രതിബിംബം മാത്രം.

പാതകള്‍, പാദങ്ങള്‍
ആഗോളീകരണത്താലാണെന്നു തോന്നുന്നു,
പാതകള്‍
കാല്‍പാദങ്ങളെ
മോടി കാട്ടി ക്ഷണിക്കുകയാണ്
ഈ ഇടവഴിയില്‍ പക്ഷേ,
എന്റെ കറുത്തിരുണ്ട
നിഴല്‍മാത്രം,
പിന്നെ
ലക്കുകെട്ടിഴയുന്ന
ഏതോ ഒരു കുടിയനും.

പരിഭവം
നീ
അരൂപിയായി
എന്നില്‍ നിറഞ്ഞതും
എന്റെയാത്മാവില്‍
കുളിരിന്റെ മായാജാലങ്ങള്‍ തീര്‍ത്തതും
ഒടുവില്‍
നീയെന്ന ഒന്നുതന്നെ ഇല്ലെന്നെന്നെ
ബോധ്യപ്പെടുത്താനായിരുന്നോ?

പ്രതീക്ഷ
ഞാന്‍ നട്ട
പ്രതീക്ഷകളാണ്
അക്കാണുന്ന പടുമരമായി
വളര്‍ന്നിരിക്കുന്നത്
കായ്കളുണ്ട്, കൈപ്പുള്ളതാണ്
കീറിനോക്കിയാല്‍ പുറത്തേക്കുചീറ്റുന്നത്
ചുടുചോരയാവും
വെട്ടിയിട്ടാലും വീണ്ടും വളര്‍ന്നുവരും
ശവം !!

ഉപസംഹാരം
മുഖമില്ലാത്ത ഈ നിഴലുകളെ
തിരിച്ചറിയാനാണ്
കണ്ണില്ലാത്ത ഞാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നത്
സ്വന്തം മുഖം കാണാനാകാത്തതുകൊണ്ടാവാം
എന്റെ അന്വേഷണങ്ങള്‍
അവസാനിക്കാത്തത്.
മുന്നോട്ടുചലിക്കില്ലെങ്കില്‍
ഈ ഘടികാരം
പിന്നോട്ടെങ്കിലും പോകുമോ
എന്ന് നോക്കട്ടെ.

സംഹാരം
കാത്തിരിപ്പിന്റെ മുഴക്കത്തിനാണ്
കനം കൂടുതല്‍.
ആഗമനം
അന്ത്യമാണ്:
ഭാവനയുടെ,
സ്വപ്നങ്ങളുടെ,
പ്രതീക്ഷകളുടെ!!

മരണത്തിന്റെ പോസ്റ്റ്മോർട്ടം

ഒടുവിൽ
സമയത്തിന്റെ ദിശ
ഇവിടെവച്ച്‌ മുറിയുകയാണ്‌
കണ്ട മരീചികകൾക്കാണ്‌
കാണാതിരുന്നവയെക്കാൾ ഭംഗിയെന്ന്
സമാധാനിക്കുക.
മൂന്നാമത്തെ വളവും തിരിഞ്ഞ്‌
അറ്റമില്ലാത്ത മതിലിൽ ചെന്ന് മുട്ടുമ്പോൾ
നീയൊരു സത്യമല്ലാതായി മാറും.
അറിയാത്ത ആ പാട്ടിന്റെ ശ്രുതി
മറന്നേക്കുക.
ആ മുഴങ്ങുന്ന ശൂന്യതയിൽ
നിന്റെ പുഞ്ചിരിയും ഓർമകളും
നിന്നെപ്പോലെത്തന്നെ
നിരർഥകങ്ങളാണ്‌.

പ്രഹേളിക
പലപ്പോഴും പൂരിപ്പിക്കനാവില്ല
ഈ നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ
മുഖത്ത്‌ മനസ്സുകോറിയിട്ട
പദപ്രശ്നം.
ചില ഉത്തരങ്ങൾക്ക്‌
ചോദ്യം കണ്ടെത്താനാണ്‌
പ്രയാസം.

സാരാംശം
ഇതുവരെ
നീ ചെയ്തുതീര്‍ത്തവയായിരുന്നു നീ.
ഇപ്പോൾ നീ
നീ ചെയ്യാതെ പോയവയാണ്‌.
ഇനി നീ
നീ ചെയ്തതും ചെയ്യാത്തവയുമല്ലാത്തതെന്തോ
അതായിത്തീരും.

വഴികാട്ടി
ഈ ശവപ്പറമ്പ്‌
നിന്റെ ഭൂതകാലത്തിന്റേതാണ്‌
അക്കാണുന്ന ഇരുട്ടറ
നിനക്കില്ലാതെപോയ ഭാവിക്ക്‌
പാർക്കാനുള്ളതും.
നിന്റെ വർത്തമാനം
നിന്റേതല്ലാതായി മാറിയതിനാൽമാത്രം
അതിനുവേണ്ടിയൊരു തടവറയുണ്ടാകില്ല.

തിരിച്ചറിവ്‌
യാത്ര
ശൂന്യതയിൽ നിന്ന്
ശൂന്യതയിലേക്കാണ്‌
എടുത്താൽ പൊങ്ങാത്ത മാറാപ്പുകൾ
മുതുകുവേദനിച്ചിട്ടും കൊണ്ടുനടക്കുന്നത്‌
ഒടുവിൽ
വഴിയരികിലുപേക്ഷിക്കുവാൻ വേണ്ടി മാത്രം.

ശേഷം
എല്ലാം
സമയസൂചിയുടെ കുത്തൊഴുക്കിൽപെട്ട്‌
നിശ്ചലമാകും.
ബാക്കിയാവുന്നത്‌
തുടർച്ചയെന്ന മഹാസത്യവും
അതിന്റെ തുടർച്ചയും മാത്രം!!!

 


2013 നവംബറില്‍ നടന്ന സബ് ജില്ലാതല മലയാളം കവിതാരചനാമത്സരത്തില്‍ എഴുതിയ കവിത. ബാക്കിവച്ചത്‌ ഇത്രമാത്രം എന്നായിരുന്നു കവിതയുടെ വിഷയം.

ഇനിയുമൊരു രാത്രി

2014 ജനുവരിയില്‍ ആ വര്‍ഷത്തെ സ്കൂള്‍ മാഗസിനു വേണ്ടി എഴുതിയതാണീ കഥ. സ്കൂള്‍ അധികൃതരുടെ നട്ടെല്ലിന് ബലം പോരാഞ്ഞതുകൊണ്ട് പ്രസിദ്ധീകരിച്ചില്ല 😀


“അമ്മൂ, ഞാന്‍ പോവുകയാണ്.
കരയരുത്. സമൂഹം എന്ന അഴുക്കുചാലിന്റെ തൊണ്ടയില്‍ക്കൂടിയാണ് ഞാനീ കയര്‍ കോര്‍ത്തിരിക്കുന്നത്. ടിബറ്റില്‍ ബുദ്ധമതവിശ്വാസികള്‍ ആത്മഹത്യ ഒരു സമരമാര്‍ഗമായി സ്വീകരിക്കുന്നതിനെക്കുറിച്ച് അന്നു നീയെന്നോട് പറഞ്ഞിരുന്നില്ലേ? ഇതെന്റെ സമരമാണ്. ഞാനും ഞാന്‍ തൂങ്ങിക്കിടക്കുന്ന ഈ കയറും ഒരു പ്രതീകമാകണം. മുന്നറിയിപ്പാകണം.

അമ്മൂ,
നീയാണെന്റെ ജീവിതത്തിലെ ആദ്യപ്രണയം.

ഇപ്പോള്‍, അവസാനത്തേതും.”

പൊട്ടിയ ഹൃദയത്തോടെ, ഇടറുന്ന കൈകളോടെ ഈ ആത്മഹത്യക്കുറിപ്പ് അമ്മു വായിക്കുന്നതിനും ഒരു വര്‍ഷം മുന്‍പായിരുന്നു അവര്‍ രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയത്. ആ കുറിപ്പ് വായിച്ചുതീര്‍ത്ത് ബോധരഹിതയായി താഴെ വീണ് മൂന്നുമാസങ്ങള്‍ക്കു ശേഷമാണ്, ഇന്ന് രാത്രി തന്റെ കിടക്കയിലിരുന്നുകൊണ്ട് അമ്മു മീനുവിനോട് കയര്‍ത്തത്.

“മൂന്നു മാസം! ഞാന്‍ നേരാംവണ്ണം ഒന്നുറങ്ങിയിട്ടില്ല ഇക്കാലത്തിനിടയില്‍. അറിയാമോ?”

മീനു പതുക്കെ പുഞ്ചിരിച്ചു.

“അന്ന് നമ്മള്‍ ആദ്യമായി സംസാരിച്ചപ്പോഴും നീ പറഞ്ഞത് ഇതേ വാക്കുകളായിരുന്നു. ഓര്‍മ്മയുണ്ടോ?”

മഴ. മൂടിക്കെട്ടിയ പകല്‍. പുതിയ സ്കൂള്‍, പുതിയ ക്ലാസ്റൂം. അപരിചിതങ്ങളായ മറ്റ് നാല്‍പ്പത്തിനാല് മുഖങ്ങള്‍. ഒരുപാടു ചിന്തകള്‍ അമ്മുവിന്റെ മനസ്സിലൂടെ ഒരു മിന്നലല പോലെ കടന്നുപോയി.

“ഒരു മാസത്തോളമായി ഒറ്റ രാത്രിപോലും നീ കരയാതെയിരുന്നിട്ടില്ല എന്നാണ് നീയതിന് മറുപടി പറഞ്ഞത്” – അമ്മു പറഞ്ഞു. മീനു വീണ്ടും പുഞ്ചിരിച്ചു.

മഴ തോര്‍ന്നെന്ന് കൂട്ടാക്കാന്‍ വിസമ്മതിച്ച് വെള്ളത്തുള്ളികള്‍ ഇറ്റിറ്റായി പൊഴിച്ച മരങ്ങള്‍.

“നമുക്ക് ഒരേ ദു:ഖങ്ങളാണെന്ന് തോന്നുന്നു” – മീനു പറഞ്ഞു.

അമ്മു മീനുവിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. അവരെ നനയിച്ച തുള്ളികള്‍ കുടഞ്ഞ മരത്തിനുമപ്പുറം, മറ്റൊരു മഴയുടെ വരവറിയിച്ചുകൊണ്ട് മഴമേഘങ്ങള്‍ ചക്രവാളം കറുപ്പിച്ചിരുന്നു.

കിടയ്ക്കക്കരില്‍ വച്ചിരുന്ന സ്കൂള്‍ ബാഗ് തുറന്ന് ഹാന്‍ഡ്ബുക്കില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റെടുത്ത് അമ്മു മീനുവിന് എറിഞ്ഞുകൊടുത്തു. ചുവപ്പുവരകളായിരുന്നു എല്ലാ ഒറ്റയക്ക മാര്‍ക്കുകള്‍ക്കു കീഴെയും.

“പതിനൊന്നു വര്‍ഷം ക്ലാസില്‍ ഒന്നാമതായിരുന്ന എന്റെ ഇപ്പോഴത്തെ മാര്‍ക്ക് ലിസ്റ്റാണ്. കണ്‍നിറയെ കാണൂ.”

മുഖത്തെ പുഞ്ചിരി കൈവിടാതെയാണ് മീനു അതെടുത്തു നോക്കിയത്. ഓരോ സംഖ്യയിലൂടെയും കണ്ണോടിക്കവെ, അവള്‍ പറഞ്ഞു:

“എനിക്കൊരു പരീക്ഷയെഴുതാന്‍ കൊതിയാവുന്നു!”

“..എനിക്ക് പരീക്ഷകളെ വെറുപ്പാണ്” – മീനു പറഞ്ഞുനിര്‍ത്തി. മഴവെള്ളം നിറഞ്ഞ റോഡിന് വശം ചേര്‍ന്നു നടക്കുമ്പോള്‍ അവളുടെ ഷൂസ് എലി കരയുന്നപോലെയുള്ള ശബ്ദങ്ങളുണ്ടാക്കി.

“അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല മീനു! പരീക്ഷയെ വെറുക്കുന്നതുകൊണ്ടാണ് നിനക്ക് പഠിക്കാന്‍ തോന്നാത്തത്. ഡോക്ടറാകണം എന്നൊക്കെയല്ലേ നിന്റെ ആഗ്ര-“

“-അവരുടെ ആഗ്രഹം” – മീനു ഇടയ്ക്കുകയറി തിരുത്തി.

“ആഗ്രഹം കൊള്ളാം! അസംഭാവ്യമായത് ആഗ്രഹിക്കാന്‍ എന്നും നിനക്ക് വലിയ ഇഷ്ടമായിരുന്നു അല്ലേ?” അമ്മുവിന്റെ രോഷം കെട്ടടങ്ങിയിരുന്നില്ല. ബെഡ്റൂമിലെ ക്ലോക്കിനടിയില്‍ നിന്ന് പുറത്തുചാടിയ പല്ലിയിലായിരുന്നു അപ്പോള്‍ മീനുവിന്റെ ശ്രദ്ധ. പെട്ടെന്ന് ദൃഷ്ടി അമ്മുവിനുനേരെയാക്കിക്കൊണ്ട് അവള്‍ ചോദിച്ചു:

“നീയും എന്റെ അസംഭാവ്യമായ ആഗ്രഹമായിരുന്നു അല്ലേ?”

“അപ്പോള്‍ എന്താണ് നിന്റെ ആഗ്രഹം?” ഷൂസിന്റെ എലിക്കരച്ചില്‍ ഇല്ലാതാക്കാന്‍ പാടുപെടുന്ന മീനുവിനെ ശ്രദ്ധിച്ചുകൊണ്ട് അമ്മു ചോദിച്ചു.

“എനിക്ക് ആഗ്രഹങ്ങളൊന്നുമില്ല” – നിഗൂഢമായ ഒരു പുഞ്ചിരി തൂകിക്കൊണ്ട് മീനു പറഞ്ഞു. ആ പുഞ്ചിരി. അമ്മുവിനെ ജീവിതത്തില്‍ ഏറ്റവുമധികം കുഴക്കിയ നിഗൂഢമായ ആ ചിരി ആദ്യമായി അവള്‍ മീനുവില്‍ കണ്ടത് അന്നായിരുന്നു.

“ആഗ്രഹങ്ങള്‍ ഇല്ലെന്നോ? പിന്നെ എന്തിനാ ജീവിക്കുന്നേ?”

മീനു ഒരു നിമിഷം അമാന്തിച്ചു. പിന്നെ പതുക്കെ, ഒരു വലിയ രഹസ്യം വെളിപ്പെടുത്തുംപോലെ, അമ്മുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

“നിനക്കു വേണ്ടി!”

ഒരുനിമിഷം അതൊരു തമാശയാണെന്നാണ് അമ്മു കരിതിയത്. എന്നാല്‍, മീനുവിന്റെ മുഖത്തും അവള്‍ പറഞ്ഞ വാക്കുകളിലും നിറഞ്ഞുനിന്ന ആത്മാര്‍ത്ഥത കണ്ടില്ലെന്നുനടിക്കാന്‍ എത്ര ശ്രമിച്ചാലും അമ്മുവിനാകില്ലായിരുന്നു. അവള്‍ തരിച്ചു നിന്നുപോയി. വിറങ്ങലിച്ച്.

“മീനൂ..” അവള്‍ പതുക്കെ, അങ്ങേയറ്റം ക്ഷീണിതയെന്ന പോലെ വിളിച്ചു.

“എന്തേ?” മീനു വിളികേട്ടു.

അമ്മുവിന്റെ മുഖത്തുനിന്ന് അവള്‍ ഉള്ളിലനുഭവിക്കുന്ന വേദനയുടെ ആഴം വ്യക്തമായിരുന്നു.

“അതെല്ലാം നീയെന്നെ വീണ്ടും ഓര്‍മ്മിപ്പിക്കല്ലേ.. പ്ലീസ്..” അവള്‍ കേണു.

“പ്ലീസ് മീനു! നീ എന്തൊക്കെയാ ഈ പറയുന്നത്? എനിക്കാകെ വട്ടാവുന്നുണ്ട് ട്ടോ!” അമ്മു തീര്‍ത്തും അസ്വസ്ഥയായിരുന്നു.

“വട്ടാവാനുള്ള എന്താ അമ്മൂ ഞാന്‍ പറഞ്ഞത്? എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞത് അത്ര വലിയ തെറ്റാണോ?”

“പക്ഷേ നമ്മള്‍ – നമ്മള്‍ രണ്ടുപേരും പെണ്‍കുട്ടികളാണ് മീനൂ! നമുക്ക്.. ആളുകളറിഞ്ഞാല്‍..”

മീനു അമ്മുവിനടുത്തേക്ക് നീങ്ങി.

“അപ്പോള്‍ ആളുകളറിയുന്നതു മാത്രമാണല്ലേ നിനക്കു ഭയം? അതിനര്‍ത്ഥം.. നിനക്കെന്നോടും പ്രണയമുണ്ടെന്നല്ലേ?” ഇതുപറയുമ്പോള്‍ മീനുവിന്റെ മുഖത്തുണ്ടായിരുന്ന ഭ്രാന്തമായ ആവേശം കണ്ട് അമ്മു അല്‍പം ഞെട്ടി.

“എനിക്ക് നീയും നിനക്ക് ഞാനും മാത്രം പോരേ അമ്മു..? നമുക്കു രണ്ടു പേര്‍ക്കും സ്നേഹിച്ച്.. സന്തോഷമായി ജീവിച്ചുകൂടെ?” മീനു അമ്മുവിന്റെ കൈകളില്‍ പതുക്കെ തലോടി.

“മീനൂ! മതി! ഇതിവിടെ വച്ച് അവസാനിപ്പിക്കണം. ഈ സംഭാഷണത്തെക്കുറിച്ച് ഇനിയെന്നെ ഓര്‍മ്മിപ്പിക്കരുത്. ബൈ.” കനത്ത കാലടികളോടെ അമ്മു നടന്നകന്നു.

“ഞാന്‍ ഓര്‍മ്മിപ്പിച്ചെങ്കിലേ നീയതൊക്കെ ഓര്‍ക്കൂ?” മീനു സംശയരൂപേണ ചോദിച്ചു.

അമ്മുവിന് മറുപടിയുണ്ടായിരുന്നില്ല.

“നിന്നെ എനിക്കറിയില്ലേ അമ്മൂ.. നമ്മുടെ ആ നല്ല ദിനങ്ങളുടെ ഓര്‍മ്മകളില്ലാതെ നിനക്ക് ജീവിക്കാന്‍ കഴിയുമോ?”

“നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല അമ്മൂ..” മീനു പറഞ്ഞു.

ഒഴിഞ്ഞ ക്ലാസ് മുറിയില്‍ അവരിരുവരും മുഖത്തോടു മുഖം നോക്കി നിന്നു.

“ഞാനുണ്ടാവും നിനക്ക്. എപ്പോഴും.” അമ്മു വാക്കുകൊടുത്തു.

അവരിരുവരും പുഞ്ചിരിച്ചു. അവരുടെ മുഖങ്ങള്‍ അടുത്തു. ചുണ്ടുകള്‍ ചുണ്ടുകളെ പരിചയപ്പെട്ടു. വീണ്ടും വീണ്ടും തൊട്ടറിഞ്ഞു.

“അമ്മൂ! മീനൂ!”

ആ ഗര്‍ജ്ജനം ഉദ്ഭവിച്ച, വാതില്‍ നിന്ന മൂലയിലേക്ക് അവരിരുവരും ഞെട്ടിത്തരിച്ച് നോക്കി. സ്തബ്ധയായി വാപൊളിച്ചുനിന്ന സിസ്റ്ററുടെ കൈകളില്‍ നിന്ന് പുസ്തകങ്ങള്‍ താഴെവീണിരുന്നു.

“നല്ല ദിനങ്ങള്‍. അല്ലേ?” അമ്മു ദൈന്യതയോടെ പറഞ്ഞു.

“നമ്മുടെ നല്ല ദിനങ്ങള്‍” – മീനു തിരുത്തി. ആ ഒരു വാക്യത്തോടു കൂടി, കാര്യങ്ങള്‍ അമ്മുവിന്റെ സഹനശേഷിക്കുമപ്പുറമെത്തിയിരുന്നു.

“‘നമ്മുടെ’ അല്ലേ, ‘നമ്മുടെ’?? നിന്റെ!! നീ.. നീയാണെന്നെ എല്ലാത്തിലും വലിച്ചിട്ടത്! നിന്റെ തെറ്റാണെല്ലാം!” അമ്മു പൊട്ടിത്തെറിച്ചു.

“നീ! നിന്റെ തെറ്റാണെല്ലാം! അവളുടെ ഭ്രാന്തിനെല്ലാം കൂട്ടുനിന്നത് നിന്റെ തെറ്റ്!”

അമ്മുവിന്റെ മാതാപിതാക്കള്‍ അവളെ ശകാരിച്ചു. മീനുവിനെ ശകാരിച്ചു. ലോകത്തെയൊട്ടാകെ ശകാരിച്ചു.

മീനു മാത്രം, ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ പുഞ്ചിരിച്ചുകൊണ്ടിരുന്നു. കരയുമ്പോഴും, അലറുമ്പോഴും, വിദൂരതയില്‍ കണ്ണുനട്ടിരിക്കുമ്പോഴുമെല്ലാം. പന്ത്രണ്ടാം തവണ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴും “അമ്മുവില്ലാതെ എനിക്ക് ജീവിക്കാനാകില്ല” എന്ന് അവള്‍ പറഞ്ഞതോടെ മന:ശാസ്ത്രജ്ഞനും മനസ്സുകൊണ്ട് അവളെ കയ്യൊഴിഞ്ഞിരുന്നു; അക്കാര്യം പുറമെ പ്രകടിപ്പിച്ചില്ലെന്ന് മാത്രം. മീനുവിന്റെ ഭ്രാന്തമായ ചിരി സ്വപ്നത്തില്‍ കണ്ട് ഞെട്ടി, അവള്‍ ഉറങ്ങുന്ന മുറിയിലേക്ക് വെറുതെയൊന്ന് ചെന്നുനോക്കിയ അമ്മ പക്ഷേ, ഒരിക്കലും തന്റെ മകള്‍ ഫാനില്‍ കയറുകെട്ടി നിശ്ചലയായി ആടുന്നത് കാണേണ്ടിവരുമെന്ന് കരുതിക്കാണില്ല.

“എന്റെ തെറ്റാണല്ലേ എല്ലാം? നിനക്കെന്നോട് ഒരു തരിമ്പു പോലും പ്രണയമില്ലായിരുന്നു അല്ലേ? അല്ലേ അമ്മൂ?” മീനു ചോദിച്ചു.

അമ്മു തന്റെ കൈകള്‍കൊണ്ട് കണ്ണുകള്‍ മറച്ച്, വിങ്ങിപ്പൊട്ടിക്കൊണ്ട് ഇനി വയ്യ എന്ന രീതിയില്‍ തലയാട്ടി.

“മീനൂ.. പ്ലീസ്.. ഇനിയെങ്കിലും നീയെന്നെ വിട്ടുപോവൂ.. മൂന്നുമാസമായി ഞാനൊന്നുറങ്ങിയിട്ട്.. സന്തോഷിച്ചിട്ട്.. ഇനിയെങ്കിലും ഞാനൊന്ന് ജീവിക്കട്ടെ!”

“ഞാനെങ്ങനെ നിന്നെ വിട്ടു പോവും അമ്മൂ..,” മീനു എഴുന്നേറ്റ് പതുക്കെ അമ്മുവിന്റെയടുത്ത് വന്നിരുന്നുകൊണ്ട് പറഞ്ഞു, “ഞാന്‍ ജീവിച്ചിരിക്കുന്നുപോലുമില്ലല്ലോ. നിന്റെ മനസ്സിലെ ഒരോര്‍മ്മ മാത്രമല്ലേ ഞാന്‍? നീയെന്നെക്കൊണ്ടു ചെയ്യിക്കുന്നതും പറയിക്കുന്നതും മാത്രമല്ലേ എനിക്ക് ചെയ്യാനും പറയാനും കഴിയൂ.. അപ്പോള്‍.. അപ്പോള്‍ നിനക്ക് എന്നെയല്ലേ വിട്ടുപോകാന്‍ സാധിക്കാത്തത് അമ്മൂ?”

അമ്മു ഒന്നും പറഞ്ഞില്ല. നിറഞ്ഞ കണ്ണുകള്‍ ശാന്തമായ കണ്ണുകളെ ഇമവെട്ടാതെ നോക്കി. മീനു തുടര്‍ന്നു:

“മൂന്നു മാസമായി എല്ലാ രാത്രിയും ഇതേ സംഭാഷണമല്ലേ നമ്മള്‍ നടത്തുന്നത്? എന്നിട്ടും നമുക്കു മതിവരുന്നില്ലെന്നത് എന്തൊരത്ഭുതമാണ്, അല്ലേ അമ്മൂ.. എന്നും ഞാനിതുപോലെ നിന്റെ ചാരെ വന്നിരിക്കും.. ഞാനീ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകള്‍ പറയും.. നിന്റെ ചുണ്ടിലൊരുമ്മ തരും.. എന്നിട്ട്, നാളെ ഇനിയും വരാമെന്നു പറഞ്ഞ് തിരികെ നടക്കും.. പക്ഷേ, അപ്പോള്‍ – ” അവള്‍ പെട്ടെന്ന് നിറുത്തി. ഗൗരവപൂര്‍ണ ഭാവം.

“കാണാനുള്ളത് പറയുന്നതെന്തിന് അല്ലേ..” വീണ്ടും പുഞ്ചിരിച്ചുകൊണ്ട് അവള്‍ അമ്മുവിനരികിലേക്ക് ചാഞ്ഞു. അവരുടെ ചുണ്ടുകള്‍ കൂടിച്ചേര്‍ന്നു. അല്‍പം നിമിഷങ്ങള്‍ക്കുശേഷം, അമ്മുവില്‍ നിന്നുയര്‍ന്ന് മീനു പറഞ്ഞു:

“പോകാറായി.. നാളെ ഇനിയും വരാം, ട്ടോ..”

ഒരിക്കല്‍ക്കൂടി പുഞ്ചിരിച്ച ശേഷം മീനു എഴുന്നേറ്റ് തിരികെ നടക്കാന്‍ തുടങ്ങി. അനന്തതയില്‍, ഒന്നുമില്ലായ്മയില്‍ മറയാന്‍. അമ്മുവിന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. ഇതാണ് പറയാനുള്ളത് പറയാനുള്ള അവസാന സന്ദര്‍ഭം. ഒരുപക്ഷേ നാളെ അവള്‍ തിരികെ വന്നില്ലെങ്കില്‍..

ദേഷ്യമുണ്ട്, ജീവിതം തകര്‍ത്തുകളഞ്ഞതില്‍. ഇനി കരകയറാന്‍ കഴിയാത്ത വിധം ഈ പടുകുഴിയിലിട്ട് ഒറ്റക്ക് കടന്നുപോയതില്‍. പക്ഷേ, മീനു.. മീനു.. അവള്‍ പോകാറായി. നാളെ അവള്‍ തിരികെ വന്നില്ലെങ്കില്‍.. ചുണ്ടുകളില്‍ ഉമ്മവച്ചില്ലെങ്കില്‍..

“മീനൂ..” അമ്മു വിളിച്ചു.

മീനു പതുക്കെ നിന്നു. തിരിഞ്ഞുനോക്കി.

“നീയാണെന്റെ ജീവിതത്തിലെ ആദ്യപ്രണയം.

അവസാനത്തേതും.”

അമ്മു പറഞ്ഞു.

പ്രണയത്തിന്റെ നാലു വര്‍ണങ്ങള്‍

സ്നേഹവും കാമവും മനുഷ്യനുംമുമ്പേ ലോകം വാണവയാണ്.
അവ രണ്ടില്‍നിന്നുമായി അവന്റെ തനതായ കയ്യൊപ്പോടുകൂടി മനുഷ്യന്‍ ഒരേനിമിഷം ആര്‍ദ്രവും തീക്ഷ്ണവുമായ ഒരു പുതിയ വികാരം കടഞ്ഞെടുത്തു –
പ്രണയം.
മനുഷ്യന്റെ മാത്രം അലങ്കാരം.
മറ്റൊരു ജന്തുവും കാതങ്ങള്‍ക്കപ്പുറമിരിക്കുന്ന തന്റെ ഇണയെയോര്‍ത്ത് സ്വയം എരിഞ്ഞടങ്ങിയിട്ടുണ്ടാവില്ല.
കാലക്കയങ്ങളിലെവിടെയോ വിലയം പ്രാപിച്ച ഇണയുടെ സാമീപ്യത്തിനായി സ്വപ്നങ്ങളില്‍ ജീവിച്ചിട്ടുണ്ടാവില്ല.
തീര്‍ത്തുപറയാമോ?
അറിയില്ല.
മനുഷ്യനെന്നും താന്‍ മറ്റുള്ള ജീവികളെക്കാള്‍ ഒരുപടി ഉയരത്തിലാണെന്ന് വിശ്വസിക്കാനായിരുന്നല്ലോ താത്പര്യം.
അനന്തതയോട് ഒന്നു കൂട്ടിക്കൊണ്ട് ഇതാ പ്രണയത്തെക്കുറിച്ച് മറ്റൊരുപാസന.


കേട്ടുപഴകിയ കഥകള്‍ തന്നെയാണ്
ആവര്‍ത്തനവിരസത
പ്രണയത്തിന്റെ കൂടപ്പിറപ്പായിപ്പോയല്ലോ.
ഉടയാടകള്‍ പലതുമുണ്ടെങ്കിലും
പ്രണയം
ഉള്ളിലെന്നും
ഒന്നുതന്നെയായിരുന്നു,
അപരിചിതത്വത്തില്‍ നിന്ന്
അപരിചിതത്വത്തിലേക്കുള്ള ദൂരം.

പുലരി

ഒരിക്കലും അന്നോളം
കണ്ടുമുട്ടിയിരുന്നില്ലാത്ത
ആ രണ്ടു കണികകള്‍ തമ്മില്‍
ഉണ്ടായിരുന്നതത്രെ
ദിവ്യപ്രണയം.
ഇരുട്ടില്‍
ഏകാന്തതയുടെ മുഴക്കത്തില്‍
അവളവനെ ധ്യാനിച്ച്
പതറാതെ നിലകൊണ്ടു.
ഇരുളും കയ്പ്പും
നീന്തിക്കടന്ന്
അവനവളെത്തേടി വരുമന്ന്
അവളോട് കാലം പ്രവചിച്ചു.
അവനോടൊപ്പം യാത്രതുടങ്ങിയവരെപ്പോലെ
പാതിവഴിയില്‍ തളര്‍ന്നുവീഴാന്‍
നെഞ്ചെരിച്ചുകൊണ്ടിരുന്ന അവന്റെ പ്രണയം
അവനെ അനുവദിക്കുമായിരുന്നില്ല.
അവന്റേതല്ലെന്ന് മനസ്സുമന്ത്രിച്ച മുട്ടുകള്‍ക്ക്
തന്റെ രഹസ്യങ്ങളുടെ വാതില്‍ തുറക്കാതെ
ഒരുതുള്ളി കണ്ണീര്‍വാര്‍ക്കാതെ
അവള്‍ കാത്തിരുന്നു.
പ്രതീക്ഷകളുടെ ശിശിരം വന്നെത്തുംമുമ്പ്
ഓടിത്തളര്‍ന്നെങ്കിലും
കിതയ്ക്കാതെ
ഒരിറ്റു വിയര്‍പ്പുപോലും പൊഴിക്കാതെ
അവനെത്തി.
കണ്ണില്‍ കണ്ണില്‍ നോക്കി
ഒന്നു പുഞ്ചിരിക്കുംമുമ്പേ
ഒരു വാക്കു മൊഴിയുംമുമ്പേ
അവരൊന്നായി
പലതായി
നീയും ഞാനുമായി.

 

തീക്കനല്‍ മഴയെ പ്രണയിച്ചു
മഴത്തുള്ളി
സമുദ്രത്തിന്റെ മാറിലെ
അനന്ത വിശാലത സ്വപ്നം കണ്ടു
സമുദ്രം
ഓരോ വേലിയേറ്റത്തിലും
ഉയര്‍ന്നുപൊങ്ങി
ചന്ദ്രനെ ഒന്നു തൊടാന്‍ 
വെമ്പല്‍കൊണ്ടു
ചന്ദ്രന്‍ പ്രണയിച്ചതാകട്ടെ,
സൂര്യന്റെ നെഞ്ചിലെ
തീക്കനലിനെയും

പകല്‍

കിരണം
അവസാനത്തെ തളര്‍ച്ചയിലും
ഒരായിരം കാതം താണ്ടാന്‍ പ്രാപ്തി നല്‍കുന്ന
നിന്റെ നോക്ക്
വെയില്‍
ഇച്ഛയോടു പടവെട്ടി പരാജയപ്പെട്ട്
പ്രണയത്തിനു വളമാകുന്ന
ചാവേര്‍പ്പടയാളി
നിഴല്‍
പിന്നില്‍ കോറിയിട്ട കാലടിപ്പാടുകള്‍ക്ക്
നമ്മളൊരുക്കിയ തണല്‍
നാം പ്രണയമാണെങ്കില്‍
പ്രണയം കവിതയാണെങ്കില്‍
കവിത കാലചക്രത്തിനുമതീതമാണെങ്കില്‍
നമ്മുടെ ശരീരങ്ങളും
മരുഭൂമിയിലെ ഈ ഇളംകാറ്റും
ലോകം തന്നെയും
വിസ്മൃതിയിലാണ്ടുപോയാലും
നാം അനശ്വരരായി തുടരും
എന്റെ കൈകള്‍ നീ മുറുകെ പിടിക്കും
നിന്റെ പ്രണയത്താല്‍ പ്രാണദാഹം ശമിപ്പിക്കെ
ഞാന്‍ ചൊല്ലും
നീയാണെന്റെ സൂര്യനെന്ന്.

 

തുടക്കവും
ഒടുക്കവും
വെറും ദു:സ്വപ്നങ്ങളാണെന്ന്
പ്രണയം പറഞ്ഞുതന്നു
സമയത്തിന്റെ
ദിശ
കല്ലുവച്ചൊരു നുണയാണെന്ന്
വിരഹം പഠിപ്പിച്ചു

അസ്തമയം

ഈ അള്‍ത്താരയില്‍
വക്രതയില്ലാത്ത തുലാസില്‍
ഞാനെന്റെ രക്തം കിനിയുന്ന ഹൃദയത്തെ
നിവേദിക്കുന്നു
ഒരു ദൈവവും ചെകുത്താനും
ഈ പ്രാര്‍ത്ഥനക്ക് മദ്ധ്യസ്ഥം വഹിക്കേണ്ടതില്ല
അളവിലും തൂക്കത്തിലും മായം ചേര്‍ക്കാന്‍
ഞങ്ങള്‍ രണ്ടുപേര്‍ക്കും
താത്പര്യമില്ല
നീറ്റലും വേദനയും എനിക്കിഷ്ടമാണ്
ഈ നോവെന്റെ പാപക്കറകള്‍ കഴുകിക്കളയുന്നു
എന്റെ കുറ്റബോധത്തെ
തണുപ്പിച്ചണയ്ക്കുന്നു
എന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്നു
കുരിശില്‍ തറക്കപ്പെട്ടുനില്‍ക്കുന്നത് ഞാനാണ്
മൂന്നു തവണ തള്ളിപ്പറഞ്ഞതും
സൂര്യോദയമറിയിച്ച് കൂവിയതും
തറച്ചതും
ഞാന്‍ തന്നെ
അന്തിമ മണി മുഴങ്ങിക്കഴിഞ്ഞ്
വിധി പ്രസ്താവിക്കപ്പെടുമ്പോള്‍
സ്വര്‍ഗം നിനക്കുള്ളതുതന്നെയാവും
അളന്ന് തിട്ടപ്പെടുത്തപ്പെടുന്നത് എന്നെയാവും
നറുക്ക് വീണാലും ഇല്ലെങ്കിലും
തോല്‍വിയാണെനിക്ക്
വാര്‍ന്നുപോയ രക്തം
ഒരു മടങ്ങിവരവിനുമപ്പുറമാണ്
വാരിയെല്ലുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ശൂന്യതയില്‍
ആ ഹൃദയത്തിനിനിയൊരു സ്ഥാനമില്ല
അന്ന് ഞാന്‍ കരയില്ല
മെഴുകുതിരികളണച്ച്
കുമ്പസാരക്കൂടിനു തീവച്ച്
ഞാന്‍ വയലേലകളും പുഴകളും പര്‍വതനിരകളും താണ്ടും
എങ്കിലും ഓരോ പകലും രാത്രിയും
ഞാന്‍ തിരികെവരും
വാര്‍ത്ത രക്തത്തിന്റെയും കണ്ണീരിന്റെയും കണക്ക്
ഒരിക്കല്‍കൂടിയെടുക്കാന്‍
മരണപ്പെട്ട ഹൃദയത്തിന്റെ മിടിപ്പുകള്‍ ഓര്‍ത്തെടുക്കാന്‍
അതിന്മേല്‍ വളര്‍ന്നുവരുന്ന രക്തപുഷ്പങ്ങളെ
തലോടി
നിന്റെ പേരുവിളിക്കാന്‍.

 

പ്രണയവും വിരഹവും
പരസ്പര പൂരകങ്ങളാണ്
ഇരുട്ടില്ലെങ്കില്‍
വെളിച്ചവും ഇരുണ്ടതാണ്
വെളിച്ചമില്ലായിരുന്നെങ്കില്‍
ഇരുട്ടാകുമായിരുന്നു വെളിച്ചം.

ഇരുള്‍

എന്റെ പ്രണയം
നിസ്വാര്‍ത്ഥമെന്ന് കരുതുന്നോ നീ?
എങ്കില്‍ അറിയുക:
പ്രണയത്തോളം സ്വാര്‍ത്ഥമായ
മറ്റൊന്നില്ല.
എന്റെ പ്രണയം
എന്റെ പ്രാര്‍ത്ഥനയാണ്
ആത്മസാക്ഷാത്കാരമാണ്
അനശ്വരതയിലേക്കുള്ള എന്റെ
ചുവടുകളാണ്
ആ തീര്‍ത്ഥാടനത്തിനിടയില്‍
ഞാന്‍ നിന്നെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ
നന്നെ കുറവാണ്
എന്നിലേക്കുള്ള എന്റെ പ്രയാണത്തില്‍
എന്റെ പാദസ്പര്‍ശങ്ങളേറ്റുവാങ്ങാനുള്ള
ഭൂമി മാത്രമാണ് നീ
ദൂരങ്ങള്‍ താണ്ടാനുള്ള ആരോഗ്യം ഞാന്‍ ചുരന്നെടുക്കുന്ന
വളക്കൂറുള്ള
മണ്ണ്
ഇനി പറയൂ..
പ്രണയം
നിസ്വാര്‍ത്ഥമോ അതോ..?

 


 

പിന്‍കുറിപ്പ് #1 – ഇത് നാലു വ്യത്യസ്ത കവിതകളുടെ ഒരു കൂട്ടമല്ല. പ്രണയത്തിനെയും ഒരു ദിവസത്തിലെ നാലു പ്രധാന നേരങ്ങളെയും ചേര്‍ത്ത് ഒറ്റക്കവിതയായി എഴുതാനുദ്ദേശിച്ചതു തന്നെയാണ്.

പിന്‍കുറിപ്പ് #2 – ഈ പദ്ധതി എവിടെയും എത്തുന്നില്ല എന്ന് തോന്നിയപ്പോള്‍ ഇതിലെ ‘അസ്തമയം’ എന്ന ഭാഗം ‘അള്‍ത്താര’ എന്ന പേരില്‍ ഒറ്റക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഈ കവിതയുടെ പ്രസിദ്ധീകരണത്തോടെ ‘അള്‍ത്താര’യെ ഞാന്‍ പൂര്‍ണമായി പിന്‍വലിച്ചതായി അറിയിക്കുന്നു 😉

പിന്‍കുറിപ്പ് #3 – ഇത് എഴുതാന്‍ ഉദ്ദേശിച്ചതും എഴുതിയതും നിനക്കുവേണ്ടിയാണ് 🙂 നമുക്കിടയിലുള്ള ഋതുക്കള്‍ മാറിയെങ്കിലും, ഇന്ന് പ്രസിദ്ധീകരണ വേളയില്‍, ഞാന്‍ നിനക്കുതന്നെയാണീ കവിത സമര്‍പ്പിക്കുന്നത്.. 🙂

 

തന്തൈചരിതം

ഞാന്‍ 2013 ജൂലൈയില്‍ എഴുതിയ ഈ കഥ അതേവര്‍ഷം ചന്ദ്രിക, ബാങ്ക്മെന്‍സ് ക്ലബ് എന്നിവര്‍ നടത്തിയ രണ്ടു കഥാരചനാമത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടുകയുണ്ടായി.

മുന്നറിയിപ്പ് : ഈ കഥ മനപ്പൂര്‍വം കടുകട്ടിയാക്കിയാണ് എഴുതിയിട്ടുള്ളത്. ഒന്നാമത്തെ കാരണം, ഈ വിഷയത്തിന് അതാണ് കൂടുതല്‍ ഭംഗി എന്ന് തോന്നി. രണ്ട്, ഇത് വായിച്ചുതീര്‍ക്കാന്‍ കഴിവുള്ളവരും ഇത് വായിച്ചാല്‍ ചൊടിക്കുന്നവരും mutually exclusive ആയതുകൊണ്ട് 😉

ഉസ്താദ് സെന്റ് പുണ്യാളച്ചന്‍ ശ്രീമാന്‍ ങ്ങളരര് ഭാസ്കരരാനന്ദ സ്വാമി തമ്പുരാന്‍ അവര്‍കളായ തങ്ങള്‍ സാഹിബ് ഗുരുക്കള്‍ എന്ന, ലോകമൊട്ടുക്കും വരുന്ന ഭക്തകോടികളുടെ പ്രിയ തന്തൈസ്വാമികള്‍ കാലം ചെയ്തിരിക്കുന്നു. ഈ ഭയങ്കര വാര്‍ത്ത നാടിനെ വിറപ്പിച്ചതുമൂലം വീടുകളുടെ ചുമരുകളില്‍ വിള്ളല്‍ വീണതായും നാലഞ്ചു പശുക്കള്‍ വിറളി പൂണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിവരമറിഞ്ഞ ഉടന്‍ തിരുവനന്തപുരത്തെ നിയമസഭാമന്ദിരം പൂര്‍ണമായിത്തന്നെ ആശ്രമത്തിന്റെ ദിക്കിലേക്ക് ശീഘ്രം തിരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്വാമികളുടെ പ്രിയശിഷ്യന്‍ ഇന്നു വൈകീട്ട് രചിച്ചുതുടങ്ങാനിരിക്കുന്ന ‘തന്തൈമാഹാത്മ്യം’ രണ്ടു വാല്യങ്ങളായി പുറത്തിറങ്ങുന്നതാണെന്നും ഇപ്പോള്‍തന്നെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയില്‍ മുപ്പതുശതമാനം കിഴിവുലഭിക്കുന്നതാണെന്നും പ്രസാധകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനുതുല്യം സ്നേഹിച്ച് ആരാധിച്ച പ്രിയ സ്വാമികളുടെ നിര്യാണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യേണ്ടവരുടെ എണ്ണം തിട്ടപ്പെടുത്താനായി ഭക്തപ്രധാനികളുടെ യോഗം ആശ്രമസന്നിധിയില്‍ അടിയന്തിരമായി ചേരുന്നതാണ്.

തന്തൈ ആശ്രമസ്ഥാപകനും മഹാദീര്‍ഘദര്‍ശിയുമായ ശ്രീമാന്‍ വല്യതന്തൈയുടെ നിര്യാണത്തിനുശേഷം അനാഥരായ ആശ്രമഭണ്ഡാരത്തിന്റെയും ഭണ്ഡാരമൂര്‍ത്തിയെ രാവും പകലും പൂജിക്കുന്ന അടിയുറച്ച ഭക്തരുടെയും രക്ഷക്കാണ് ഉസ്താദ് സെന്റ് പുണ്യാളച്ചന്‍ ശ്രീമാന്‍ ങ്ങളരര് ഭാസ്കരരാനന്ദ സ്വാമി തമ്പുരാന്‍ അവര്‍കളായ തങ്ങള്‍ സാഹിബ് ഗുരുക്കള്‍ (ശ്വാസം വിടുന്നു) എന്ന ചെറിയതന്തൈസ്വാമികള്‍ അവതരിച്ചത്. വല്യതന്തൈസ്വാമികളുടെ അതീന്ദ്രീയജ്ഞാനത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമായ തന്റെ അനന്തരതന്തൈയെ കണ്ടെത്തല്‍ ഇപ്രകാരമായിരുന്നു:
സമാധിയോടടുക്കുന്നെന്ന ദിവ്യബോധനം ലഭിച്ചതിന്റെ പിറ്റേന്ന് വെളുപ്പിന് മൂന്നാം നാഴികക്ക് കൂര്‍ക്കംവലിച്ചുറങ്ങുന്ന സഹചരരെ തൊഴിച്ചും ഇക്കിളിപ്പെടുത്തിയും ഉണര്‍ത്തി വല്യതന്തൈ ആശ്രമക്കുളക്കരയിലേക്ക് പുറപ്പെട്ടു. രാത്രിയിലെ ചീട്ടുകളിഭജനത്തിനു ശേഷം വൈകിക്കിടന്ന തങ്ങളെ പൂവന്‍കോഴിപോലും തൊള്ളതുറന്നു കൂര്‍ക്കം വലിക്കുമ്പോള്‍ വിളിച്ചെണീപ്പിച്ചതില്‍ മുറുമുറുത്തുകൊണ്ട് കുളക്കരയില്‍ ചടഞ്ഞുനിന്ന സഹചരരെ സാക്ഷിയാക്കി വല്യതന്തൈ കുളത്തിലിറങ്ങി. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൈകള്‍ തലക്കുമുകളില്‍ തൊഴുതുപിടിച്ച് ഒറ്റക്കാലില്‍ നിന്ന് (വെള്ളത്തിനടിയിലായതിനാല്‍ അതു കാണുക സാധ്യമല്ലായിരുന്നു) കണ്ണുകളടച്ച് ഉദ്ദേശ്യം അഞ്ചരമിനിറ്റു ധ്യാനിച്ച ശേഷം സകല ഗഗന ഭൂതല പാതാള ജീവജാലങ്ങളോടുമായി വിളിച്ചുപറഞ്ഞു:
“ക്വേ!”
ആ മഹത്തായ ഉദ്ഘോഷണം കേട്ട് സര്‍വസ്വവും പ്രകമ്പനം കൊണ്ടു. ഐശ്വര്യദേവത നേരിട്ടുവന്ന് ഭൂമി പ്രകാശിതമാക്കി. (നേരം പുലര്‍ന്നു എന്നുപറഞ്ഞ് വെറുതെ ഗുരുകോപം ചോദിച്ചുവാങ്ങരുത്!) അനുചരര്‍ ഭക്തപരവശരായി ആനന്ദപുളകിതരായി നൃത്തം ചവിട്ടി. നിന്ന നില്‍പ്പില്‍ പിറകോട്ടു മലര്‍ന്നുവീണ് വല്യതന്തൈകള്‍ സമാധിപൂണ്ടു. അതോടെ സമാധാനംപൂണ്ട ആശ്രമം ട്രഷറര്‍ ഭക്തനിധിയില്‍ നിന്ന് ചോര്‍ത്തേണ്ട സംഖ്യ പ്രാര്‍ത്ഥനയോടുകൂടി കണക്കുകൂട്ടി.

സമാധിയുടെ മൂന്നാംപക്കം തന്തൈഭക്തപ്രധാനികള്‍ ഇളയതന്തൈകളെ പിടികൂടാനായി ഇറങ്ങിത്തിരിച്ചു. മൂന്നുലോകങ്ങളിലെയും ജ്ഞാനസത്ത ഉള്‍ക്കൊണ്ട “ക്വേ!” എന്ന മഹാപദത്തിന്റെ അണുവിട പിഴയ്ക്കാത്ത മാര്‍ഗദര്‍ശനത്തെ വെറുതെ പിന്തുടരുകയേ അവര്‍ക്ക് ചെയ്യേണ്ടിയിരുന്നുള്ളൂ. ഒരു വടക്കുനോക്കിയന്ത്രത്തെപ്പോലെ നയിച്ച ആ മഹാപദത്തെ പിന്‍പറ്റി തെക്കോട്ടും വടക്കോട്ടും നടന്നും മാവിന്മേല്‍ കയറി നീറിന്റെ കടികൊണ്ടും തെങ്ങിന്‍ചോട്ടിലെ ചാണകം മാറ്റിനോക്കിയതിന് പാളത്തൊപ്പിയിട്ട കൃഷിക്കാരന്റെ മണ്ണുചുവക്കുന്ന ചീത്തവിളികേട്ടും മുന്നോട്ടുനീങ്ങിയ മഹത്തായ ആ അന്വേഷണത്തിനൊടുവില്‍ ഇന്ന താലൂക്കിലെ ഇന്ന ഗ്രാമത്തിലെ ഇന്ന പേരയ്ക്കാമരം ചാരി ബീഡി പുകച്ചുകൊണ്ടിരുന്ന ആ മഹാപ്രഭാവനെ അവര്‍ കണ്ടെത്തി. ആദ്യനോട്ടത്തില്‍ തന്നെ സംശയത്തിന് തെല്ലിടപോലും നല്‍കാത്തതായിരുന്നു ആ വിശുദ്ധമുഖത്തെ ഉജ്ജ്വലതേജസ്സും “ക്വേ” എന്ന മഹാപദവും തമ്മിലുള്ള അനുരണനം. ആനന്ദക്കണ്ണീരോടെ, കൂപ്പുകൈകളോടെ ഭക്തപ്രധാനികള്‍ ഒന്നടങ്കം തങ്ങളുടെ പുതുതന്തൈകള്‍ക്കുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു. ഇത്രയധികം ഭക്തപുറങ്ങള്‍ ഒന്നിച്ചുകണ്ട ഇളയതന്തൈകള്‍ (അന്ന് കുന്നുമ്മല്‍ ഭാസ്കരനാണ്) അന്ധാളിച്ചുപോയി.

കിഴവനും കുടവയറനുമായിരുന്ന വല്യതന്തൈക്കുപകരം നീട്ടിവളര്‍ത്തിയ ചുരുളന്‍മുടിയും കൂളിംഗ് ഗ്ലാസും ഇടത്തെചെവിയില്‍ കടുക്കനുമായി ഇളയതന്തൈ അവതരിച്ചതോടെ സ്ത്രീഭക്തരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയുണ്ടായി. ഇതില്‍ ഭര്‍ത്താക്കന്മാര്‍ക്കുണ്ടായ കണ്ണുകടി പുരുഷഭക്തരുടെ എണ്ണം കുറയുന്നതില്‍ പ്രകടമായി. തങ്ങളുടെ കാന്തന്മാരെക്കാള്‍ എന്തുകൊണ്ടും യോഗ്യനാണ് ശ്രീമദ് ഇളയതന്തൈ എന്ന് ഉച്ചോച്ചം പ്രഖ്യാപിച്ച ധീരവനിതകളെ കെട്ടിയവന്മാര്‍ ആട്ടിപ്പുറത്താക്കി വാതിലടച്ചപ്പോള്‍ കരുണാമയനായ ഇളയതന്തൈകള്‍ അവര്‍ക്കായി അദ്ദേഹത്തിന്റെ സ്വന്തം സംരക്ഷണയില്‍ കൂടാരമൊരുക്കി. (ഇവിടെ ‘സ്വന്ത’ത്തിലെ ‘ന്ത’ക്ക് നീളം അല്‍പം കൂടുതലാണ്) ഇളയതന്തൈകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തങ്ങളെ ഒറ്റത്തടിയാക്കി യാത്രയായ ഭാര്യമാരുടെ രൂപലാവണ്യവും സ്വഭാവമഹിമയും വര്‍ണിച്ച് മറ്റുചില രമണഭര്‍ത്താക്കന്മാര്‍ മഹാകാവ്യങ്ങള്‍ രചിക്കുകയും രണ്ടാഴ്ചമുമ്പുവരെ കറമ്പീ എന്നും പെഴച്ചോളേ എന്നും പുലയാട്ടുനടത്തിയത് നന്ദിപൂര്‍വം വിസ്മരിക്കുകയും ചെയ്തു. ഇവയിലേതിന് പുരസ്കാരം നല്‍കണമെന്നതിനെച്ചൊല്ലി ധര്‍മ്മസങ്കടത്തിലായി കേന്ദ്ര-കേരള സാഹിത്യ അക്കാദമികള്‍. അങ്ങനെ മലയാള സാഹിത്യത്തിന് അസുലഭമായ അതുല്യകൃതികള്‍ സമ്മാനിച്ച ഇളയതന്തൈകളുടെ നാമം (ലേശം വലുതായതിനാല്‍ വീണ്ടും പരാമര്‍ശിക്കുന്നില്ല. ആവശ്യമുള്ളവര്‍ കഥയുടെ ആദ്യഭാഗം കാണുവാന്‍ താല്‍പര്യപ്പെടുന്നു) കേരളചരിത്രത്തിലെ സാമാന്യം വലിയ ഒരേടായി മാറി.

ആയിടക്കാണ് പരിശുദ്ധനും സര്‍വസംഗപരിത്യാഗിയുമായ ശ്രീമദ് തന്തൈകളെ മന:പൂര്‍വം താറടിച്ചുകാണിക്കാനായി ചില തല്‍പരകക്ഷികള്‍ കുപ്രചരണവുമായി രംഗത്തുവന്നത്. പെണ്ണുകേസിലെ കോടതിവിധിയും കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയുംപോലുള്ള ഞാഞ്ഞൂല്‍ രേഖകള്‍ മാത്രം കൈമുതലാക്കി, കുന്നുമ്മല്‍ ഭാസ്കരന്‍ തന്തൈകളായി പരിണമിക്കുംമുമ്പുള്ള വിശുദ്ധചരിത്രം അശുദ്ധമായി ചിത്രീകരിക്കാനുള്ള കുത്സിതശ്രമം ജാഗരൂകരായ തന്തൈഭക്തര്‍ ഉടന്‍ തിരിച്ചറിഞ്ഞു. തികച്ചും വ്യാജമെന്ന് പകല്‍പോലെ തെളിഞ്ഞ ഈ വര്‍ത്തമാനം പ്രചരിപ്പിച്ച പത്രപ്രവര്‍ത്തകന്‍ തന്തൈ ആശ്രമനിവാസികളുടെ വെല്ലുവിളി സ്വീകരിച്ച് ആശ്രമസന്നിധിയിലെത്തുകയും തന്തൈസ്വാമികളുടെ സ്നേഹപൂര്‍ണമായ ശാസനക്കുപാത്രമായി ആശ്രമത്തില്‍ നിന്ന് മടങ്ങുകയും ചെയ്തങ്കിലും പിറ്റേന്ന് കായല്‍ക്കരയില്‍ തച്ച്കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. സമൂഹത്തിനുതന്നെ അപമാനമായ ചില കൃമികീടങ്ങള്‍ ഈ കൊടുംചെയ്തിയില്‍ ശ്രീമദ് തന്തൈക്കും ആശ്രമത്തിനും പങ്കുണ്ടെന്ന വ്യാജാരോപണം കെട്ടിച്ചമക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. തന്തൈഭക്തപ്രധാനികള്‍ പ്രസ്തുത പത്രപ്രവര്‍ത്തകന്റെ തന്തക്കുവിളിച്ചിരുന്നെന്നും ആശ്രമത്തില്‍ നിന്ന് ആറേഴുകിലോമീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം കിടന്നിരുന്നതെന്നുമുള്ള തുലോം ദുര്‍ബലമായ സാഹചര്യത്തെളിവുകള്‍ മാത്രം മുന്‍നിര്‍ത്തി ഈ കൊടുംക്രൂരത എങ്ങനെ സ്നേഹമയനും വിശാലഹൃദയനുമായ തന്തൈകള്‍ക്കെതിരെ ആരോപിക്കും? എന്തൊക്കെ പറഞ്ഞാലും അന്നുവരെ ആഗോളവത്കരണത്തെ തെറിവിളിച്ചും പരിപ്പുവടയുടെയും ചായയുടെയും രുചിവൈഭവത്തെ പ്രകീര്‍ത്തിച്ചും അനുപമമായ ജനസേവനംചെയ്ത ചോപ്പന്മാര്‍ കിട്ടിയ അവസരം മുതലാക്കി മൂട്ടിലെ പൊടിതട്ടിയെണീറ്റ് കൊലയാളിത്തന്തൈക്ക് ഒത്താശചെയ്തുകൊടുക്കുന്ന കള്ളസര്‍ക്കാരിനെതിരെ തീക്ഷ്ണമായ സമരപരമ്പരതന്നെ ആരംഭിച്ചു. എന്നാല്‍, മന്ത്രിസഭ വീണാല്‍ പിടിക്കാനായി താഴെ വലകെട്ടി പകല്‍ക്കിനാവുകള്‍ കണ്ടുനിന്ന ചോപ്പന്മാരെ ഞെട്ടിച്ചുകൊണ്ട്, സാക്ഷാല്‍ കടുംചോപ്പന്റെ അളിയന്റെ ഇളയമകന്‍ ആദികാലത്തെപ്പോഴോ ഒരു ഭക്തപ്രധാനിക്ക് കടപ്പുറത്തുവച്ച് കപ്പലണ്ടി വിറ്റിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അത്യന്തം ആപത്കരവും സാഹസികവുമായ അന്വേഷണത്തിലൂടെ ഒരു പ്രമുഖ മലയാള ദിനപത്രം പുറത്തുകൊണ്ടുവന്നതോടെ ചോപ്പന്‍മാര്‍ പ്രതിരോധത്തിലായി. അതുവരെ മന്ത്രിസഭയെ ലക്ഷ്യമാക്കി പാഞ്ഞടുത്തുകൊണ്ടിരുന്ന ജനക്കൂട്ടം പീഛേ മുഡ് ചെയ്ത് തങ്ങളുടെ രക്തത്തിനായി മുറവിളികൂട്ടിത്തുടങ്ങിയതോടെ വിരണ്ടുപോയ ചോപ്പന്മാര്‍ തന്തൈആശ്രമത്തിനും മന്ത്രിസഭക്കും പച്ചക്കൊടി കാട്ടി. ഇത് രാഷ്ട്രീയ പകര്‍പ്പവകാശനിയമത്തിന്റെ പട്ടാപ്പകല്‍ ലംഘനമാണെന്ന് വായില്‍ പച്ചക്കരണ്ടിയുമായി ജനിച്ച പാര്‍ട്ടിക്കാര്‍ ആക്രോശിച്ചെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി.

തുടര്‍ന്ന് സംജാതമായ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ ഇടതുകാല്‍മന്തനോ വലതുകാല്‍മന്തനോ കുത്തേണ്ടതെന്നറിയാതെ ബഹുകാല്‍മന്തരായ ജനം വിഷമിച്ചു. ആരുടെ മന്തുകാലിന് കനം തൂങ്ങും എന്നതിനെച്ചൊല്ലി കോലാടിനെ അനുസ്മരിപ്പിക്കുന്ന താടിയോടുകൂടിയ ചാനല്‍ ചിന്തകര്‍ മാത്രമല്ല, അണുവിടതെറ്റാത്ത കിറുകൃത്യതകൊണ്ട് കാലാവസ്ഥാപ്രവചകരെപ്പോലും കരയിക്കുന്നജാതി പ്രവചനം നടത്തി ഫലപ്രഖ്യാപനദിവസം പൂടപോലും ബാക്കിയാക്കാതെ മുങ്ങാറുള്ള എക്സിറ്റ് പോളുകാര്‍ പോലും കൈമലര്‍ത്തിയതോടെ വോട്ടിങ്ങ് യന്ത്രങ്ങളടക്കം അങ്കലാപ്പിലായി. തുടര്‍ന്ന്, ജ്യോതിഷം മുതല്‍ ഭൂമിശാസ്ത്രം വഴി ഇന്റഗ്രല്‍ കാല്‍ക്കുലസ് വരെ സൂര്യന് കീഴെയും മുകളിലുമായി പരന്നുകിടക്കുന്ന സകലമാനവിഷയങ്ങളിലെയും അവസാനവാക്കായ തന്തൈസ്വാമികളെത്തന്നെ കൂപ്പുകൈകളോടെ സകലരും സമീപിച്ചപ്പോള്‍ ആ തിരുനാക്കില്‍ നിന്നുമുതിര്‍ന്ന പത്തുമാസം അര്‍ഥഗര്‍ഭമായ തിരുവചനം കേരളരാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ഒരേടായി ഉജ്ജ്വലപ്രഭയോടുകൂടി നിലകൊള്ളുന്നു:
“വ്യാഴം ശുക്രപക്ഷത്തിലാണ്. വല്ലതുമൊക്കെ സംഭവിക്കാം!”
എന്താ, ആ തിരുവചനങ്ങള്‍ പകല്‍പോലെ സത്യമായി പരിണമിച്ചില്ലേ? രണ്ടിലൊരു പാര്‍ട്ടി ജയിച്ചില്ലേ? ഇതോടെ അന്നേവരെ തന്തൈ എന്ന വിശുദ്ധാത്മാവിലെ മഹത്വം കാണാനാകാതെ പരദൂഷണം പറഞ്ഞു നടന്ന പാമരര്‍ തങ്ങളുടെ വിവരദോഷിത്തം മനസ്സിലാക്കി ക്ഷമാപണം നടത്തി ആശ്രമസന്നിധിയിലെത്തി ശയനപ്രദക്ഷിണം വച്ചു.

ശ്രീമദ് തന്തൈകള്‍ മലയാളിസമൂഹത്തിനു മാത്രമല്ല, ലോകത്തിനുതന്നെ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. വീടില്ലാത്ത കുറേ പാവങ്ങള്‍ക്കൊക്കെക്കൂടി എട്ടോ പത്തോ ലക്ഷം രൂപ നല്‍കിയതിനുശേഷം ഒന്നൊന്നരക്കോടി ചെലവാക്കി കേരളത്തിന്റെ ഒരറ്റംതൊട്ട് മറ്റേയറ്റംവരെയുള്ള സകല ഹൈവേകള്‍ക്കുചാരെയും ജാതി, മതം, രാഷ്ട്രീയം ഇല്ലാത്ത ശുദ്ധനായ മനുഷ്യസ്നേഹിയായ ശ്രീമദ് തന്തൈകളെ പ്രകീര്‍ത്തിക്കുന്ന കൂറ്റന്‍ ഫ്ലക്സുകള്‍ കെട്ടിപ്പൊക്കിയത് പബ്ലിസിറ്റിക്കോ പുറംപൂച്ചിനോ വേണ്ടിയല്ലെന്നും ഇത്തരം പുണ്യകരമായ ദാനധര്‍മ്മങ്ങള്‍ ചെയ്യാനുള്ള പ്രചോദനം ആ വഴി കടന്നുപോകുന്നവര്‍ക്കുണ്ടാകട്ടെ എന്ന കറകളഞ്ഞ ഉദ്ദേശ്യശുദ്ധിയോടുകൂടിയാണെന്നും വ്യക്തമല്ലേ? ജനസേവനമെന്ന മഹത്തായ പുണ്യകര്‍മ്മം ചെയ്യണമെന്ന അതിയായ ആഗ്രഹത്തിന് പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് എന്ന ഒരൊറ്റ കൂടോത്രം മാത്രം വിലങ്ങുതടിയായ പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികളെ മിടുമിടുക്കരായ, വയറിളക്കത്തിന് ഓയിന്‍മെന്റുകൊടുത്തിട്ട് പെരട്ടിക്കോ എന്ന് പറയുന്ന ഡോക്ടര്‍മാരും, രണ്ടും നാലും കൂട്ടാന്‍ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ സഹായംതേടുന്ന എഞ്ചിനിയര്‍മാരുമാക്കാനായി വെറും എഴുപത്തഞ്ചു ലക്ഷവും ഒരു കോടിയും മറ്റും ഡൊണേഷന്‍ വാങ്ങുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ നാടിനു സമ്മാനിച്ചില്ലേ തന്തൈസ്വാമികള്‍? സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കായി, സൗകര്യത്തിനുവേണ്ടി ക്യാഷ് കൗണ്ടറും മോര്‍ച്ചറിയും അടുത്തടുത്ത് സ്ഥിതിചെയ്യുന്ന ജനകീയ ആശുപത്രികള്‍ സ്ഥാപിച്ചില്ലേ? അലമുറയിട്ടുകൊണ്ട് തങ്ങളുടെ ജീവിതസംഘര്‍ഷങ്ങള്‍ കാവ്യരൂപത്തിലും അല്ലാതെയും വര്‍ണിക്കാന്‍ തന്റെപക്കല്‍ വന്നെത്തിയവരുടെ കണ്ണുനീരൊപ്പാന്‍ ഫ്രീയായി തൂവാലകള്‍ വിതരണം ചെയ്തില്ലേ?

ഇത്തരത്തില്‍ ഭൂമുഖത്തെ (പ്രത്യേകിച്ചും ആശ്രമത്തിനുള്ളില്‍ വസിച്ച) സര്‍വചരാചരങ്ങള്‍ക്കും സൗഖ്യം ചൊരിയാനും ലോകരുടെ ദു:ഖങ്ങളകറ്റാനുമായി അഹോരാത്രം അവിശ്രമം തന്റെ മഹാമയികശക്തികളുപയോഗിച്ച ശ്രീമദ് തന്തൈസ്വാമികള്‍, തനിക്കിനിയും ഒരു വ്യാഴവട്ടം ആയുര്‍ദൈര്ഖ്യമുണ്ടെന്ന ദിവ്യപ്രവചനം നടത്തിയതിന്റെ കൃത്യം മൂന്നാംനാള്‍ തന്റെതന്നെ ശ്രീതന്തൈവിലാസം ആശുപത്രിയില്‍ വച്ച്, മോര്‍ച്ചറിയില്‍ കിടന്ന ശവങ്ങള്‍ എഴുന്നേറ്റോടുമാറുച്ചത്തില്‍ നിലവിളിച്ചതും അടുത്തുനിന്ന നഴ്സിന്റെ നാഭിക്ക് തൊഴിച്ചതും പോലുള്ള ചുരുക്കം ചില അനിഷ്ടസംഭവങ്ങളൊഴിച്ചാല്‍, തികച്ചും ശാന്തനായി സമാധിയെ എതിരേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബഹിരാകാശശാസ്ത്രജ്ഞരൊന്നടങ്കം ഏത്തമിട്ടുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഒരു വ്യാഴവട്ടം എന്നാല്‍ മൂന്നുദിവസമാണെന്ന് സംശയരഹിതമായി തെളിഞ്ഞതായും അതുവരേക്കും മറിച്ചു പ്രചരിപ്പിച്ചുപോന്നതില്‍ നിരുപാധികം ക്ഷമചോദിക്കുന്നതായും പ്രസ്താവിച്ചു. ശ്രീമദ് തന്തൈകളുടെ ത്രികാലജ്ഞാനത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറി ഈ വിപ്ലവകരമായ കണ്ടുപിടിത്തം.

ഉപസംഹരിക്കുംമുമ്പ് കറകളഞ്ഞ വന്‍ഭക്തര്ക്കൊരു സന്തോഷവര്‍ത്തമാനം : തന്തൈസ്വാമികളുടെ സമാധിയെത്തുടര്‍ന്നുള്ള ദു:ഖാചരണംപ്രമാണിച്ച് തന്തൈബ്രാന്‍ഡഡ് മാന്ത്രികോല്‍പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു! കൂടാതെ അച്ഛന്‍ഭക്തര്‍, അമ്മഭക്തര്‍, രണ്ടു കുട്ടിഭക്തര്‍ എന്നിവര്‍ക്കായി നാല് നവരത്നമോതിരങ്ങള്‍ ഒന്നിച്ചുവാങ്ങുന്നവര്‍ക്ക് വീട്ടിലെ പട്ടിഭക്തര്‍ക്കായി ഒരു മാന്ത്രികച്ചങ്ങല സൗജന്യവും! ഈ അസുലഭമുഹൂര്‍ത്തം പാഴാക്കാതെ കടന്നുവന്ന് ശ്രീമദ് തന്തൈസ്വാമികളുടെ സര്‍വവിധ മരണാനന്തര സ്പെഷല്‍ ദീര്‍ഘായു-ശത്രുസംഹാര-സന്താനലബ്ധ-ധനസമ്പാദന അനുഗ്രഹാശിസ്സുകളും സ്വന്തമാക്കൂ! (ഈ ഓഫര്‍ അനുഗ്രഹങ്ങളുടെ സ്റ്റോക്ക് തീരുന്നതുവരെ മാത്രം.)
നിങ്ങള്‍ക്കു മംഗളം!!