മഴ

മഴത്തുള്ളികളോടായിരുന്നു
അവളുടെ പ്രണയം.
അതറിയാതെയാണ്
ഞാനെന്ന വേഴാമ്പല്‍
കൊക്കുപിളര്‍ത്തി
ചാറ്റലിനായി കാത്തിരുന്നത്.
ഒടുവില്‍
ദൂരെയെങ്ങോ അവള്‍ വിടപറഞ്ഞകന്ന്
എത്രയോ മഴക്കാലങ്ങള്‍ കടന്നുപോയിട്ടും
എന്റെ മനസ്സിലെ പേമാരിമാത്രം…..

Advertisements

അരങ്ങ്

ഇവിടെ സ്വര്‍ഗം
ദൈവവും ചെകുത്താനും
പങ്കുവച്ചിരിക്കുകയാണ്
നരകത്തില്‍ നിന്ന് വന്നതും
മടങ്ങുന്നതും
നീയും ഞാനും മാത്രം.
വിലക്കപ്പെട്ട കനിയും
തീറ്റിച്ചവനും
ആരാധിക്കപ്പെടുന്നു
രുചിച്ചവര്‍
ഒറ്റുകാര്‍,
എറിഞ്ഞുകൊല്ലപ്പെടേണ്ടവര്‍.
അരങ്ങില്‍
സുതാര്യമായ മുഖംമൂടിയണിഞ്ഞ്
നൃത്തം തുടരുക
രണ്ടാള്‍പൊക്കത്തില്‍ മുകപ്പില്‍
മൂന്നാമതൊരിരിപ്പിടത്തിന്
സ്ഥാനമില്ലാതെ
ആട്ടം തുടരുക.
രാവിരുളുമ്പോള്‍
നിന്റെ ദൃശ്യപരിധിക്കുമപ്പുറം
ദൈവവും ചെകുത്താനും
കിടപ്പറ പങ്കിടും
അപ്പോഴും
വാഗ്ദത്തം ചെയ്യപ്പെട്ട
വന്നെത്താത്ത പുലരിക്കായി
വിലക്കപ്പെട്ട കനിയുപേക്ഷിച്ച്
അല്ലെങ്കില്‍ കട്ടുതിന്ന്
തളരാതെ
പതറാതെ
ആടിക്കൊണ്ടിരിക്കുക.

അനന്തതക്കപ്പുറത്തെ ചില കാഴ്ചകള്‍

ഇരുട്ട്
നോവുന്ന വെളിച്ചം
നിരര്‍ത്ഥകതയില്‍ മുങ്ങുന്ന അട്ടഹാസം.
ചങ്ങലകള്‍
സ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെടുമ്പോഴും
ഉയരെയുയര്‍ന്നുപറക്കുന്ന
ചിറകറ്റ മനസ്സ്.
മുഴങ്ങിനില്‍ക്കുന്ന അപരിചിതത്വത്തില്‍
ഇതള്‍വിരിയുന്ന
ഹൃദയങ്ങള്‍ക്കപ്പുറത്തെ സ്നേഹം.

ഇവിടെ ഓര്‍മ്മകള്‍ക്ക്
പ്രവേശനമില്ല.
പറഞ്ഞ, പറയാന്‍ മറന്ന
വാക്കും നോക്കും
ഒറ്റയെന്ന മഹാസത്യത്തെ പുണര്‍ന്ന്
വര്‍ത്തമാനത്തിന്റെ അഗാധതയില്‍
അലിഞ്ഞുചേരുമ്പോള്‍
തെറ്റും ശരിയും
പരസ്പരപൂരകങ്ങളാകുമ്പോള്‍
നിങ്ങളുടെ വെളുത്ത മുഖംമൂടികള്‍
എപ്പോഴോ അഴിഞ്ഞുവീണിരിക്കും;
നിഷ്കളങ്കത
നിങ്ങളുടെ മൂല്യങ്ങളെ
ചവിട്ടിയരക്കും.
ശൂന്യതയുടെ മുഴക്കത്തിനുമുന്‍പില്‍
ശരീരം
മനസ്സിനുപിന്നില്‍ ഒളിച്ചുനില്‍ക്കുന്ന
ഒരു കീറത്തുണിയാകും.
ചുറ്റും നൃത്തമാടുന്ന നിറങ്ങള്‍
കണ്‍മുന്നിലെ വര്‍ണചിത്രങ്ങളിലെ
സഞ്ചരിക്കുന്ന ചുഴികള്‍
തോറ്റുമടങ്ങുന്നു,
ഭൗതികശാസ്ത്രം.

മരണം
പ്രണയം
തലോടല്‍
കണ്ണുനീര്‍
തൊട്ടുതീണ്ടരുത്
ഈ തീര്‍ത്ഥാടനകേന്ദ്രം.
ബോധത്തിന്റെ ചെരിപ്പഴിച്ചുവേണം
അകത്തുകയറാന്‍;
മനസ്സിന്റെ വാചാലതയെ
നിശ്ശബ്ദതകൊണ്ട് നേരിടണം.
നാഡിമിടിപ്പുനോക്കാം,
കണ്ണും വായും തുറന്നുനോക്കാം,
പക്ഷേ
നിങ്ങള്‍ പഠിച്ച വൈദ്യശാസ്ത്രത്തിന്
ഒരിക്കലും മനസ്സിലാകില്ല
കട്ടില്‍ക്കാലില്‍ ബന്ധിച്ച
ഈ ചങ്ങല
ചങ്ങലകള്‍ക്കൊണ്ടു നിര്‍മിച്ച പുറംലോകത്തെ
എങ്ങനെ ഒരു ഭ്രാന്താലയമാക്കുന്നെന്ന്.

കലണ്ടര്‍

കലണ്ടര്‍
ഓര്‍മകളിലേക്കുള്ള
പടിവാതിലാണ്
ഇന്നിന്റെ ജീവനാണ്
ശുഭപ്രതീക്ഷകളുടെ
തുടിക്കുന്ന ഹൃദയമാണ്

കലണ്ടര്‍
നഷ്ടപ്രണയങ്ങളുടെ
ഹൃദയം വിങ്ങും ഓര്‍മകളാണ്
ഓര്‍ക്കാപ്പുറത്ത് തനിച്ചാക്കിപ്പോയ
കൊച്ചുമകളുടെ
നനുത്ത പുഞ്ചിരിയാണ്

കലണ്ടര്‍
കണ്ണീരാണ്
അറിയാതെ ചലിച്ച കൈകളുടെ
ഒരായിരം കുമ്പസാരങ്ങളാണ്
ഇനിയും പെയ്തുതോരാത്ത
മഴയാണ്

കലണ്ടര്‍
യുദ്ധത്തില്‍
ആര്‍ക്കോ വേണ്ടി മരിച്ച ജീവനുകളുടെ
ശവപ്പറമ്പാണ്
എന്നോ മരവിച്ച മരത്തിന്റെ
ഇനിയും കൊഴിയാത്ത ഇലയാണ്

കലണ്ടര്‍
ചെകുത്താനാണ്
ചതിയുടെയും വഞ്ചനയുടെയും
കയ്ക്കുന്ന രുചിയാണ്
ഗോഡ്സേയുടേയും ബിന്‍ലാദന്റെയും
മുഖങ്ങളാണ്

കലണ്ടര്‍
പ്രളയങ്ങളാണ്
ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ
അടിയില്‍പെട്ട വാക്കുകളാണ്
ഭോപ്പാലില്‍ ഉള്ളെരിഞ്ഞുമരിച്ച കുഞ്ഞിന്റെ
ദീനരോദനമാണ്

കലണ്ടര്‍
ഒരു തെളിവാണ്
ഒന്നും അന്തിമമല്ലെന്നുള്ള
ഓര്‍മപ്പെടുത്തലാണ്
വര്‍ഷത്തിനും ഹേമന്തത്തിനും
ശിശിരത്തിനും ശേഷം
വസന്തം വരുമെന്നുള്ള
ഏറ്റവും മഹത്തായ
ബോധ്യപ്പെടുത്തലാണ്

 


2011 നവംബറില്‍ നടന്ന സബ് ജില്ലാതല കവിതാരചനാമത്സരത്തില്‍ എഴുതിയ കവിത. ഞാനെഴുതിയതില്‍വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിതകളിലൊന്ന്.

കാത്തിരിപ്പിനിടയിലെ ചില ചിന്താശകലങ്ങള്‍

അസ്തിത്വം
തുടക്കവും
ഒടുക്കവും
നിങ്ങളുടെ പൊള്ളവാഗ്ദാനങ്ങളിലെ
മോഹന മരീചികകള്‍ മാത്രം.
ഇവിടെ
ദിശയേതുമില്ലാത്ത
ചലിക്കാത്ത സമയസൂചിയില്‍
കച്ചിത്തുരുമ്പന്വേഷിക്കുന്നു,
പരാജിതന്‍.
ഞാന്‍.

തിരിച്ചറിവ്
ഇരുട്ട് ഘനീഭവിച്ച
ഈ ഗുഹക്കുള്ളില്‍
എങ്ങോ ഒരു പൊട്ട് പ്രകാശമുണ്ട്
പാറക്കഷണങ്ങള്‍ കടന്ന്
തപ്പിത്തടഞ്ഞ്
ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍
അത്
യാത്രയാരംഭിച്ചിടത്തിന്റെ
പ്രതിബിംബം മാത്രം.

പാതകള്‍, പാദങ്ങള്‍
ആഗോളീകരണത്താലാണെന്നു തോന്നുന്നു,
പാതകള്‍
കാല്‍പാദങ്ങളെ
മോടി കാട്ടി ക്ഷണിക്കുകയാണ്
ഈ ഇടവഴിയില്‍ പക്ഷേ,
എന്റെ കറുത്തിരുണ്ട
നിഴല്‍മാത്രം,
പിന്നെ
ലക്കുകെട്ടിഴയുന്ന
ഏതോ ഒരു കുടിയനും.

പരിഭവം
നീ
അരൂപിയായി
എന്നില്‍ നിറഞ്ഞതും
എന്റെയാത്മാവില്‍
കുളിരിന്റെ മായാജാലങ്ങള്‍ തീര്‍ത്തതും
ഒടുവില്‍
നീയെന്ന ഒന്നുതന്നെ ഇല്ലെന്നെന്നെ
ബോധ്യപ്പെടുത്താനായിരുന്നോ?

പ്രതീക്ഷ
ഞാന്‍ നട്ട
പ്രതീക്ഷകളാണ്
അക്കാണുന്ന പടുമരമായി
വളര്‍ന്നിരിക്കുന്നത്
കായ്കളുണ്ട്, കൈപ്പുള്ളതാണ്
കീറിനോക്കിയാല്‍ പുറത്തേക്കുചീറ്റുന്നത്
ചുടുചോരയാവും
വെട്ടിയിട്ടാലും വീണ്ടും വളര്‍ന്നുവരും
ശവം !!

ഉപസംഹാരം
മുഖമില്ലാത്ത ഈ നിഴലുകളെ
തിരിച്ചറിയാനാണ്
കണ്ണില്ലാത്ത ഞാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നത്
സ്വന്തം മുഖം കാണാനാകാത്തതുകൊണ്ടാവാം
എന്റെ അന്വേഷണങ്ങള്‍
അവസാനിക്കാത്തത്.
മുന്നോട്ടുചലിക്കില്ലെങ്കില്‍
ഈ ഘടികാരം
പിന്നോട്ടെങ്കിലും പോകുമോ
എന്ന് നോക്കട്ടെ.

സംഹാരം
കാത്തിരിപ്പിന്റെ മുഴക്കത്തിനാണ്
കനം കൂടുതല്‍.
ആഗമനം
അന്ത്യമാണ്:
ഭാവനയുടെ,
സ്വപ്നങ്ങളുടെ,
പ്രതീക്ഷകളുടെ!!

മരണത്തിന്റെ പോസ്റ്റ്മോർട്ടം

ഒടുവിൽ
സമയത്തിന്റെ ദിശ
ഇവിടെവച്ച്‌ മുറിയുകയാണ്‌
കണ്ട മരീചികകൾക്കാണ്‌
കാണാതിരുന്നവയെക്കാൾ ഭംഗിയെന്ന്
സമാധാനിക്കുക.
മൂന്നാമത്തെ വളവും തിരിഞ്ഞ്‌
അറ്റമില്ലാത്ത മതിലിൽ ചെന്ന് മുട്ടുമ്പോൾ
നീയൊരു സത്യമല്ലാതായി മാറും.
അറിയാത്ത ആ പാട്ടിന്റെ ശ്രുതി
മറന്നേക്കുക.
ആ മുഴങ്ങുന്ന ശൂന്യതയിൽ
നിന്റെ പുഞ്ചിരിയും ഓർമകളും
നിന്നെപ്പോലെത്തന്നെ
നിരർഥകങ്ങളാണ്‌.

പ്രഹേളിക
പലപ്പോഴും പൂരിപ്പിക്കനാവില്ല
ഈ നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ
മുഖത്ത്‌ മനസ്സുകോറിയിട്ട
പദപ്രശ്നം.
ചില ഉത്തരങ്ങൾക്ക്‌
ചോദ്യം കണ്ടെത്താനാണ്‌
പ്രയാസം.

സാരാംശം
ഇതുവരെ
നീ ചെയ്തുതീര്‍ത്തവയായിരുന്നു നീ.
ഇപ്പോൾ നീ
നീ ചെയ്യാതെ പോയവയാണ്‌.
ഇനി നീ
നീ ചെയ്തതും ചെയ്യാത്തവയുമല്ലാത്തതെന്തോ
അതായിത്തീരും.

വഴികാട്ടി
ഈ ശവപ്പറമ്പ്‌
നിന്റെ ഭൂതകാലത്തിന്റേതാണ്‌
അക്കാണുന്ന ഇരുട്ടറ
നിനക്കില്ലാതെപോയ ഭാവിക്ക്‌
പാർക്കാനുള്ളതും.
നിന്റെ വർത്തമാനം
നിന്റേതല്ലാതായി മാറിയതിനാൽമാത്രം
അതിനുവേണ്ടിയൊരു തടവറയുണ്ടാകില്ല.

തിരിച്ചറിവ്‌
യാത്ര
ശൂന്യതയിൽ നിന്ന്
ശൂന്യതയിലേക്കാണ്‌
എടുത്താൽ പൊങ്ങാത്ത മാറാപ്പുകൾ
മുതുകുവേദനിച്ചിട്ടും കൊണ്ടുനടക്കുന്നത്‌
ഒടുവിൽ
വഴിയരികിലുപേക്ഷിക്കുവാൻ വേണ്ടി മാത്രം.

ശേഷം
എല്ലാം
സമയസൂചിയുടെ കുത്തൊഴുക്കിൽപെട്ട്‌
നിശ്ചലമാകും.
ബാക്കിയാവുന്നത്‌
തുടർച്ചയെന്ന മഹാസത്യവും
അതിന്റെ തുടർച്ചയും മാത്രം!!!

 


2013 നവംബറില്‍ നടന്ന സബ് ജില്ലാതല മലയാളം കവിതാരചനാമത്സരത്തില്‍ എഴുതിയ കവിത. ബാക്കിവച്ചത്‌ ഇത്രമാത്രം എന്നായിരുന്നു കവിതയുടെ വിഷയം.

പ്രണയത്തിന്റെ നാലു വര്‍ണങ്ങള്‍

സ്നേഹവും കാമവും മനുഷ്യനുംമുമ്പേ ലോകം വാണവയാണ്.
അവ രണ്ടില്‍നിന്നുമായി അവന്റെ തനതായ കയ്യൊപ്പോടുകൂടി മനുഷ്യന്‍ ഒരേനിമിഷം ആര്‍ദ്രവും തീക്ഷ്ണവുമായ ഒരു പുതിയ വികാരം കടഞ്ഞെടുത്തു –
പ്രണയം.
മനുഷ്യന്റെ മാത്രം അലങ്കാരം.
മറ്റൊരു ജന്തുവും കാതങ്ങള്‍ക്കപ്പുറമിരിക്കുന്ന തന്റെ ഇണയെയോര്‍ത്ത് സ്വയം എരിഞ്ഞടങ്ങിയിട്ടുണ്ടാവില്ല.
കാലക്കയങ്ങളിലെവിടെയോ വിലയം പ്രാപിച്ച ഇണയുടെ സാമീപ്യത്തിനായി സ്വപ്നങ്ങളില്‍ ജീവിച്ചിട്ടുണ്ടാവില്ല.
തീര്‍ത്തുപറയാമോ?
അറിയില്ല.
മനുഷ്യനെന്നും താന്‍ മറ്റുള്ള ജീവികളെക്കാള്‍ ഒരുപടി ഉയരത്തിലാണെന്ന് വിശ്വസിക്കാനായിരുന്നല്ലോ താത്പര്യം.
അനന്തതയോട് ഒന്നു കൂട്ടിക്കൊണ്ട് ഇതാ പ്രണയത്തെക്കുറിച്ച് മറ്റൊരുപാസന.


കേട്ടുപഴകിയ കഥകള്‍ തന്നെയാണ്
ആവര്‍ത്തനവിരസത
പ്രണയത്തിന്റെ കൂടപ്പിറപ്പായിപ്പോയല്ലോ.
ഉടയാടകള്‍ പലതുമുണ്ടെങ്കിലും
പ്രണയം
ഉള്ളിലെന്നും
ഒന്നുതന്നെയായിരുന്നു,
അപരിചിതത്വത്തില്‍ നിന്ന്
അപരിചിതത്വത്തിലേക്കുള്ള ദൂരം.

പുലരി

ഒരിക്കലും അന്നോളം
കണ്ടുമുട്ടിയിരുന്നില്ലാത്ത
ആ രണ്ടു കണികകള്‍ തമ്മില്‍
ഉണ്ടായിരുന്നതത്രെ
ദിവ്യപ്രണയം.
ഇരുട്ടില്‍
ഏകാന്തതയുടെ മുഴക്കത്തില്‍
അവളവനെ ധ്യാനിച്ച്
പതറാതെ നിലകൊണ്ടു.
ഇരുളും കയ്പ്പും
നീന്തിക്കടന്ന്
അവനവളെത്തേടി വരുമന്ന്
അവളോട് കാലം പ്രവചിച്ചു.
അവനോടൊപ്പം യാത്രതുടങ്ങിയവരെപ്പോലെ
പാതിവഴിയില്‍ തളര്‍ന്നുവീഴാന്‍
നെഞ്ചെരിച്ചുകൊണ്ടിരുന്ന അവന്റെ പ്രണയം
അവനെ അനുവദിക്കുമായിരുന്നില്ല.
അവന്റേതല്ലെന്ന് മനസ്സുമന്ത്രിച്ച മുട്ടുകള്‍ക്ക്
തന്റെ രഹസ്യങ്ങളുടെ വാതില്‍ തുറക്കാതെ
ഒരുതുള്ളി കണ്ണീര്‍വാര്‍ക്കാതെ
അവള്‍ കാത്തിരുന്നു.
പ്രതീക്ഷകളുടെ ശിശിരം വന്നെത്തുംമുമ്പ്
ഓടിത്തളര്‍ന്നെങ്കിലും
കിതയ്ക്കാതെ
ഒരിറ്റു വിയര്‍പ്പുപോലും പൊഴിക്കാതെ
അവനെത്തി.
കണ്ണില്‍ കണ്ണില്‍ നോക്കി
ഒന്നു പുഞ്ചിരിക്കുംമുമ്പേ
ഒരു വാക്കു മൊഴിയുംമുമ്പേ
അവരൊന്നായി
പലതായി
നീയും ഞാനുമായി.

 

തീക്കനല്‍ മഴയെ പ്രണയിച്ചു
മഴത്തുള്ളി
സമുദ്രത്തിന്റെ മാറിലെ
അനന്ത വിശാലത സ്വപ്നം കണ്ടു
സമുദ്രം
ഓരോ വേലിയേറ്റത്തിലും
ഉയര്‍ന്നുപൊങ്ങി
ചന്ദ്രനെ ഒന്നു തൊടാന്‍ 
വെമ്പല്‍കൊണ്ടു
ചന്ദ്രന്‍ പ്രണയിച്ചതാകട്ടെ,
സൂര്യന്റെ നെഞ്ചിലെ
തീക്കനലിനെയും

പകല്‍

കിരണം
അവസാനത്തെ തളര്‍ച്ചയിലും
ഒരായിരം കാതം താണ്ടാന്‍ പ്രാപ്തി നല്‍കുന്ന
നിന്റെ നോക്ക്
വെയില്‍
ഇച്ഛയോടു പടവെട്ടി പരാജയപ്പെട്ട്
പ്രണയത്തിനു വളമാകുന്ന
ചാവേര്‍പ്പടയാളി
നിഴല്‍
പിന്നില്‍ കോറിയിട്ട കാലടിപ്പാടുകള്‍ക്ക്
നമ്മളൊരുക്കിയ തണല്‍
നാം പ്രണയമാണെങ്കില്‍
പ്രണയം കവിതയാണെങ്കില്‍
കവിത കാലചക്രത്തിനുമതീതമാണെങ്കില്‍
നമ്മുടെ ശരീരങ്ങളും
മരുഭൂമിയിലെ ഈ ഇളംകാറ്റും
ലോകം തന്നെയും
വിസ്മൃതിയിലാണ്ടുപോയാലും
നാം അനശ്വരരായി തുടരും
എന്റെ കൈകള്‍ നീ മുറുകെ പിടിക്കും
നിന്റെ പ്രണയത്താല്‍ പ്രാണദാഹം ശമിപ്പിക്കെ
ഞാന്‍ ചൊല്ലും
നീയാണെന്റെ സൂര്യനെന്ന്.

 

തുടക്കവും
ഒടുക്കവും
വെറും ദു:സ്വപ്നങ്ങളാണെന്ന്
പ്രണയം പറഞ്ഞുതന്നു
സമയത്തിന്റെ
ദിശ
കല്ലുവച്ചൊരു നുണയാണെന്ന്
വിരഹം പഠിപ്പിച്ചു

അസ്തമയം

ഈ അള്‍ത്താരയില്‍
വക്രതയില്ലാത്ത തുലാസില്‍
ഞാനെന്റെ രക്തം കിനിയുന്ന ഹൃദയത്തെ
നിവേദിക്കുന്നു
ഒരു ദൈവവും ചെകുത്താനും
ഈ പ്രാര്‍ത്ഥനക്ക് മദ്ധ്യസ്ഥം വഹിക്കേണ്ടതില്ല
അളവിലും തൂക്കത്തിലും മായം ചേര്‍ക്കാന്‍
ഞങ്ങള്‍ രണ്ടുപേര്‍ക്കും
താത്പര്യമില്ല
നീറ്റലും വേദനയും എനിക്കിഷ്ടമാണ്
ഈ നോവെന്റെ പാപക്കറകള്‍ കഴുകിക്കളയുന്നു
എന്റെ കുറ്റബോധത്തെ
തണുപ്പിച്ചണയ്ക്കുന്നു
എന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്നു
കുരിശില്‍ തറക്കപ്പെട്ടുനില്‍ക്കുന്നത് ഞാനാണ്
മൂന്നു തവണ തള്ളിപ്പറഞ്ഞതും
സൂര്യോദയമറിയിച്ച് കൂവിയതും
തറച്ചതും
ഞാന്‍ തന്നെ
അന്തിമ മണി മുഴങ്ങിക്കഴിഞ്ഞ്
വിധി പ്രസ്താവിക്കപ്പെടുമ്പോള്‍
സ്വര്‍ഗം നിനക്കുള്ളതുതന്നെയാവും
അളന്ന് തിട്ടപ്പെടുത്തപ്പെടുന്നത് എന്നെയാവും
നറുക്ക് വീണാലും ഇല്ലെങ്കിലും
തോല്‍വിയാണെനിക്ക്
വാര്‍ന്നുപോയ രക്തം
ഒരു മടങ്ങിവരവിനുമപ്പുറമാണ്
വാരിയെല്ലുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ശൂന്യതയില്‍
ആ ഹൃദയത്തിനിനിയൊരു സ്ഥാനമില്ല
അന്ന് ഞാന്‍ കരയില്ല
മെഴുകുതിരികളണച്ച്
കുമ്പസാരക്കൂടിനു തീവച്ച്
ഞാന്‍ വയലേലകളും പുഴകളും പര്‍വതനിരകളും താണ്ടും
എങ്കിലും ഓരോ പകലും രാത്രിയും
ഞാന്‍ തിരികെവരും
വാര്‍ത്ത രക്തത്തിന്റെയും കണ്ണീരിന്റെയും കണക്ക്
ഒരിക്കല്‍കൂടിയെടുക്കാന്‍
മരണപ്പെട്ട ഹൃദയത്തിന്റെ മിടിപ്പുകള്‍ ഓര്‍ത്തെടുക്കാന്‍
അതിന്മേല്‍ വളര്‍ന്നുവരുന്ന രക്തപുഷ്പങ്ങളെ
തലോടി
നിന്റെ പേരുവിളിക്കാന്‍.

 

പ്രണയവും വിരഹവും
പരസ്പര പൂരകങ്ങളാണ്
ഇരുട്ടില്ലെങ്കില്‍
വെളിച്ചവും ഇരുണ്ടതാണ്
വെളിച്ചമില്ലായിരുന്നെങ്കില്‍
ഇരുട്ടാകുമായിരുന്നു വെളിച്ചം.

ഇരുള്‍

എന്റെ പ്രണയം
നിസ്വാര്‍ത്ഥമെന്ന് കരുതുന്നോ നീ?
എങ്കില്‍ അറിയുക:
പ്രണയത്തോളം സ്വാര്‍ത്ഥമായ
മറ്റൊന്നില്ല.
എന്റെ പ്രണയം
എന്റെ പ്രാര്‍ത്ഥനയാണ്
ആത്മസാക്ഷാത്കാരമാണ്
അനശ്വരതയിലേക്കുള്ള എന്റെ
ചുവടുകളാണ്
ആ തീര്‍ത്ഥാടനത്തിനിടയില്‍
ഞാന്‍ നിന്നെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ
നന്നെ കുറവാണ്
എന്നിലേക്കുള്ള എന്റെ പ്രയാണത്തില്‍
എന്റെ പാദസ്പര്‍ശങ്ങളേറ്റുവാങ്ങാനുള്ള
ഭൂമി മാത്രമാണ് നീ
ദൂരങ്ങള്‍ താണ്ടാനുള്ള ആരോഗ്യം ഞാന്‍ ചുരന്നെടുക്കുന്ന
വളക്കൂറുള്ള
മണ്ണ്
ഇനി പറയൂ..
പ്രണയം
നിസ്വാര്‍ത്ഥമോ അതോ..?

 


 

പിന്‍കുറിപ്പ് #1 – ഇത് നാലു വ്യത്യസ്ത കവിതകളുടെ ഒരു കൂട്ടമല്ല. പ്രണയത്തിനെയും ഒരു ദിവസത്തിലെ നാലു പ്രധാന നേരങ്ങളെയും ചേര്‍ത്ത് ഒറ്റക്കവിതയായി എഴുതാനുദ്ദേശിച്ചതു തന്നെയാണ്.

പിന്‍കുറിപ്പ് #2 – ഈ പദ്ധതി എവിടെയും എത്തുന്നില്ല എന്ന് തോന്നിയപ്പോള്‍ ഇതിലെ ‘അസ്തമയം’ എന്ന ഭാഗം ‘അള്‍ത്താര’ എന്ന പേരില്‍ ഒറ്റക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഈ കവിതയുടെ പ്രസിദ്ധീകരണത്തോടെ ‘അള്‍ത്താര’യെ ഞാന്‍ പൂര്‍ണമായി പിന്‍വലിച്ചതായി അറിയിക്കുന്നു 😉

പിന്‍കുറിപ്പ് #3 – ഇത് എഴുതാന്‍ ഉദ്ദേശിച്ചതും എഴുതിയതും നിനക്കുവേണ്ടിയാണ് 🙂 നമുക്കിടയിലുള്ള ഋതുക്കള്‍ മാറിയെങ്കിലും, ഇന്ന് പ്രസിദ്ധീകരണ വേളയില്‍, ഞാന്‍ നിനക്കുതന്നെയാണീ കവിത സമര്‍പ്പിക്കുന്നത്.. 🙂